ചാംപ്യൻസ് ട്രോഫി ടീമിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തതിന് പിന്നാലെ പൊട്ടി പുറപ്പെട്ടതാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തർക്കം. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് സഞ്ജുവിന്റെ അവസരം നഷ്ടപ്പെടാൻ കാരണമെന്ന് പറയുമ്പോൾ പ്രതിസ്ഥാനത്ത് വരുന്നത് കെസിഎ കൂടിയാണ്.
ടൂർണമെന്റിൽ നിന്ന് തന്നെ കെസിഎ മാറ്റി നിർത്തിയതാണെന്ന് സഞ്ജു വാദിക്കുമ്പോൾ സഞ്ജു കൃത്യമായ കമ്മ്യൂണിക്കേഷൻ കൈമാറാത്തതാണ് ടീമിൽ ഉൾപ്പെടുത്താത്തതിനുള്ള കാരണമെന്ന് കെസിഎ പ്രസിഡന്റും പറയുന്നു. അതിനിടയിൽ സഞ്ജു കെസിഎയ്ക്ക് അയച്ച ഡീറ്റയിൽഡ് മെയിൽ പുറത്തുവന്നിരുന്നു. ഇതോടെ കെസിഎയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. ഇപ്പോഴിതാ കെസിഎയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സഞ്ജുവിൻെറ പിതാവ് വിശ്വനാഥ് സാംസൺ.
സഞ്ജുവുമായി പ്രശ്നങ്ങളുള്ള ഒരുപാട് പേർ കെസിഎയിലുണ്ടെന്നും ക്യാമ്പ് നഷ്ടമായ ഒരേ ഒരാൾ സഞ്ജുവല്ലെന്നും വിശ്വനാഥ് സാംസൺ പറഞ്ഞു.' സഞ്ജുവിന് മാത്രമല്ല ക്യാമ്പ് നഷ്ടമായത്, ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ടി 20 പരമ്പര കളിച്ച സഞ്ജു വിശ്രമം ആഗ്രഹിച്ചിരുന്നു. അതിനാണ് കുറച്ച് ദിവസത്തേക്ക് വിട്ടുനിന്നത്, എന്നാൽ രഞ്ജിയിലും മുഷ്താഖ് അലി ട്രോഫിയിലും താരം കളിക്കുകയും ചെയ്തു, വിജയ് ഹസാരെയിൽ കളിക്കാനും മകൻ തയ്യാറായിരുന്നു, എന്നാൽ കുറച്ച് ദിവസം ക്യാമ്പിൽ നിന്ന് വിട്ടുനിന്നു എന്നതിന്റെ പേരിൽ താരത്തെ ഒഴിവാക്കുകയായിരുന്നു. ഇതിന് മുമ്പും ഇന്ത്യൻ പര്യടനങ്ങൾക്കിടയിൽ സഞ്ജു വന്ന് കളിക്കാറുണ്ട്, പുറത്തുള്ള സംസ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്ക് ഈ ഇളവ് കൊടുക്കാറുണ്ട്, എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ ബാലിശമായ ഇടപെടൽ ചില നടത്തുകയായിരുന്നു, വിശ്വനാഥ് സാംസൺ കുറ്റപ്പെടുത്തി. എന്നാലിത് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജിനെയോ സെക്രട്ടറി വിനോദ് എസ് കുമാറിനെയോ അല്ല ഉദ്ദേശിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി.
എന്നാൽ വിവാദങ്ങൾക്ക് ചൂടുപിടിക്കുമ്പോഴും ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയ്‌ക്കൊരുങ്ങുകയാണ് സഞ്ജു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7ന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ചാംപ്യൻസ് ട്രോഫി ടീമിൽനിന്ന് തഴയപ്പെട്ട സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാകും.
ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റം വരുത്താൻ ഫെബ്രുവരി 13 വരെ സമയമുള്ളതിനാൽ ട്വന്റി20 പരമ്പരയിൽ മികവ് തെളിയിച്ചാൽ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്കു ടീമിലെത്താൻ വിദൂര സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ രണ്ട് സെഞ്ചറി ഉൾപ്പെടെ നേടി തിളങ്ങിയ സഞ്ജു, ഇംഗ്ലണ്ടിനെതിരെയും ഓപ്പണറുടെ റോളിൽ കളിക്കുന്നുണ്ട്.
Content Highlights: 'Sanju is not the only one missing the camp, many in KCA have issues with son'; sanju father