ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ജനുവരി 22 ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ തുടക്കമാവുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പര 3-1ന് പിടിച്ചെടുത്ത ഇന്ത്യ സ്വന്തം മണ്ണില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളവും വളരെ നിര്‍ണായകമാണ്.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ഇടം പിടിച്ചിട്ടുണ്ട്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാന്‍ സഞ്ജു ഇറങ്ങാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മിന്നും ഫോം ഇംഗ്ലണ്ടിനെതിരെയും ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് എലീറ്റ് ലിസ്റ്റില്‍ ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണിയെ മറികടക്കാന്‍ സാധിക്കും.
ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരുടെ പട്ടികയിലാണ് ധോണിയെ മറികടക്കാന്‍ സഞ്ജുവിന് സുവര്‍ണാവസരമുള്ളത്. എംഎസ് ധോണി ടി20യില്‍ 52 സിക്‌സറുകള്‍ അടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഇതുവരെ ഫോര്‍മാറ്റില്‍ 46 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ വെറും ഏഴ് സിക്സറുകള്‍ നേടിയാല്‍ ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍
സഞ്ജുവിന് സാധിക്കും.
Content Highlights: Sanju Samson on verge of surpassing MS Dhoni for massive T20I record during India vs England series