ചാമ്പ്യന്‍സ് ട്രോഫി ടീമിലുള്‍പ്പെടുത്താത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ പാട്ടുപാടി സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ക്കൊപ്പം ഗാനം ആലപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. സഞ്ജു തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോയ്ക്കു താഴെ വന്ന സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവും ഇപ്പോള്‍ വൈറലാവുകയാണ്.
1991ലെ 'ജോ ജീത്താ വഹി സിഖന്ദര്‍' എന്ന ബോളിവുഡ് സിനിമയിലെ 'പെഹ്ല നഷാ' എന്ന പാട്ടാണ് ടീം അംഗങ്ങള്‍ക്കൊപ്പം ഇരുന്ന് സഞ്ജു പാടിയത്. കോച്ച് അഭിഷേക് നായര്‍ക്കൊപ്പം തന്റെ ഫോണില്‍ പാട്ടിന്റെ വരികള്‍ നോക്കിയാണ് സഞ്ജു പാടുന്നത്. 'എടാ മോനേ, സഞ്ജു സാംസണ്‍' എന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞാണ് സഞ്ജു വീഡിയോ അവസാനിപ്പിക്കുന്നത്.
'അസാധ്യമായി ഒന്നുമില്ല. ഞാന്‍ പാടി. എനിക്കിനി മുംബൈയിലേക്ക് വരാന്‍ കഴിയുമോ?', എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. ജനപ്രിയ ടെലിവിഷന്‍ ടാലന്റ് ഹണ്ട് ഷോ ആയ ഇന്ത്യന്‍ ഐഡലിനെ കുറിച്ച് പറയുന്ന വാചകങ്ങളാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രാഥമിക ഓഡിഷന് ശേഷം, പിന്നീടുള്ള ഘട്ടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരോട് 'മുംബൈയിലേക്ക് വരൂ' എന്നാണ് ജഡ്ജസ് പറയാനുള്ളത്.
സഞ്ജുവിന്‍റെ വീഡിയോയ്ക്ക് താഴെ ഇന്ത്യയുടെ ടി20 ക്യാപ്റ്റനും സഞ്ജുവിന്റെ ഉറ്റസുഹൃത്തുമായ സൂര്യകുമാര്‍ യാദവും കമന്റുമായി എത്തി. 'നിങ്ങള്‍ക്ക് മുംബൈയിലേക്ക് എത്താന്‍ കഴിയും. പക്ഷേ ചെന്നൈയിലെയും രാജ്‌കോട്ടിലെയും പൂനെയിലെയും ഓഡീഷനുകള്‍ക്ക് ശേഷം മാത്രം', സൂര്യ പറഞ്ഞു.
അതേസമയം ജനുവരി 22 ബുധനാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കുന്നത്. അഭിഷേക് ശര്‍മയ്‌ക്കൊപ്പം സഞ്ജു ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ സഞ്ജു മിന്നും ഫോം തുടരുമെന്നാണ് കരുതുന്നത്.
Content Highlights: Sanju Samson sings Bollywood song, gets feedback from Suryakumar Yadav in Insta banter, Video Goes Viral