ഇന്ത്യൻ മണ്ണിൽ ടി20 കണക്കുകൾ ഇംഗ്ലണ്ടിനും അനുകൂലം; കാലാവസ്ഥയും ആരാധകർക്ക് ഉറപ്പുനൽകുന്നത് ആവേശപ്പോര്

മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു

dot image

ചെറിയ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ആരവങ്ങളിലേക്ക് വീണ്ടും ആരാധകരെത്തുകയാണ്. നാളെയാണ് അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഓസീസ് മണ്ണിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഏറ്റ നാണക്കേടിൽ നിന്ന് ടി 20 യിൽ വിജയിച്ചെങ്കിലും തിരിച്ചുവരിക എന്നതാവും ഗംഭീറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറെ കാലം ടീമിന് പുറത്തായിരുന്ന ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. 2023 ഡിസംബറിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് അറ്റ്കിന്‍സണ്‍ അവസാനമായി കളിച്ചത്. അറ്റ്കിന്‍സണിന് പുറമെ ജോഫ്ര ആര്‍ച്ചര്‍, ജാമി ഓവര്‍ട്ടണ്‍, മാര്‍ക്ക് വുഡ് എന്നീ പേസര്‍മാരും ആദ്യ ഇലവനിലുണ്ട്. അതേസമയം സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദില്‍ റഷീദ് ടീമിലെത്തി. ലിയാം ലിവിംഗ്സ്റ്റണും ജേക്കബ് ബെഥേലും സ്പിൻ ബൗളിങ് യൂണിറ്റിലുണ്ട്. അതേസമയം ടീമിനുള്ള ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.

വീണ്ടുമൊരു ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയ്ക്ക് കൂടി ക്രിക്കറ്റ് ലോകം ഒരുങ്ങുമ്പോള്‍ ടി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴുള്ള കണക്കുകളിലേക്ക് നോക്കാം. ഇന്ത്യയും ഇംഗ്ലണ്ടും 24 തവണയാണ് ഇത് വരെ ടി 20 യിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 13 മത്സരങ്ങളില്‍ ഇന്ത്യയും 11 മത്സരങ്ങൾ ഇംഗ്ലണ്ടും ജയിച്ചു. ഇന്ത്യന്‍ മണ്ണില്‍ നടന്ന 11 മത്സരങ്ങളില്‍ അഞ്ചിലും ഇംഗ്ലണ്ടിന് വിജയിക്കാനായി എന്നതാണ് ശ്രദ്ധേയമായ കണക്ക്. കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയ പരമ്പരയില്‍ ഇന്ത്യ 3-2ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

അതേ സമയം സാരമായ കാലാവസ്ഥ പ്രതിസന്ധികൾ നാളെ ഈഡനിൽ ഉണ്ടാകാനിടയില്ല. എന്നാൽ മഞ്ഞുണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

Content Highlights: T20 figures also favor England on Indian soil; The weather also guarantees fans an exciting match

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us