നിയമം പാലിക്കണം; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ജഴ്സിയിൽ പാകിസ്താൻ്റെ പേര് ഒഴിവാക്കിയതില്‍ പ്രതികരിച്ച് ഐസിസി

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ പ്രിന്റ് ചെയ്യാന്‍ ബിസിസിഐ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

dot image

2025 ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി വിവാദത്തില്‍ പ്രതികരിച്ച് ഐസിസി. ചാംപ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുന്ന പാകിസ്താന്റെ പേര് ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയില്‍ പ്രിന്റ് ചെയ്യാന്‍ ബിസിസിഐ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ബിസിസിഐയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ഐസിസി.

ടൂര്‍ണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റില്‍ എഴുതാന്‍ എല്ലാ രാജ്യവും ബാധ്യസ്ഥരാണന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 'ഓരോ ടീമിന്റെയും ജഴ്സിയില്‍ ടൂര്‍ണമെന്റ് ലോഗോ ചേര്‍ക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എല്ലാ ടീമുകളും ഈ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്', ഒരു ഐസിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഐസിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മത്സരങ്ങള്‍ എവിടെ നടക്കുന്നുവെന്നത് പരിഗണിക്കാതെ ടീമുകളുടെ ജഴ്സിയില്‍ ആതിഥേയരുടെ പേര് എഴുതിയിരിക്കണം. കളിക്കാരുടെ കിറ്റില്‍ ആതിഥേയ രാജ്യമായ പാക്കിസ്താന്റെ പേരുള്ള ചാമ്പ്യന്‍സ് ട്രോഫി ലോഗോ കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അപെക്‌സ് ബോര്‍ഡ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്നോടിയായി പുതിയ വിവാദം ഉടലെടുത്തത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായ്‌യിലാണ് നടക്കുന്നതെങ്കിലും ഔദ്യോഗിക വേദിയായ പാകിസ്താന്റെ പേര് എല്ലാ രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ പേരിനൊപ്പം പ്രിന്റ് ചെയ്യേണ്ടതാണ്. വേദിയാകുന്ന രാജ്യത്തിന്റെ പേര് ജഴ്‌സിയില്‍ പ്രിന്റ് ചെയ്യാത്ത ഇന്ത്യയുടെ നടപടി ഐസിസി പ്രോത്സാഹിപ്പിക്കരുതെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്.

ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൂട്ടികലർത്തുകയാണ്. അത് ക്രിക്കറ്റിന് നല്ലതല്ല. ആദ്യം പാകിസ്താനിൽ കളിക്കാൻ ഇന്ത്യ തയ്യാറായില്ല. പിന്നാലെ ഉദ്ഘാടന ചടങ്ങുകളിലേക്ക് ഇന്ത്യൻ ടീം ക്യാപ്റ്റനെയും ബിസിസിഐ അയക്കുന്നില്ല. ഇപ്പോൾ ചാംപ്യൻസ് ട്രോഫിക്ക് വേദിയാകുന്ന രാജ്യത്തിന്റെ പേരും ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽ നിന്ന് ബിസിസിഐ ഒഴിവാക്കുന്നു. ഈ നടപടി ഐസിസി അനുവദിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

അടുത്ത മാസം 19നാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനും ന്യൂസിലാൻഡുമാണ് ​ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ.

Content Highlights: ICC responds to removal of Pakistan’s name from India’s Champions Trophy jersey

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us