ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി എത്തുമോയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമീപകാലത്ത് സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും പരമ്പരയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നുമാണ് ക്യാപ്റ്റന്‍ സൂര്യ പറയുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ലോട്ടിനെ പറ്റി തന്റെ നിലപാട് വ്യക്തമാക്കിയത്.
'നിലവില്‍ വിക്കറ്റ് കീപ്പറെ കുറിച്ച് യാതൊരു ചോദ്യത്തിന്റെയും ആവശ്യമില്ല. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി സഞ്ജു സാംസണ്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ട്. തന്റെ കഴിവ് എന്താണെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തരികയും ചെയ്തു. അതുകൊണ്ടുതന്നെ മറ്റൊരു ഓപ്ഷനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നുപോലുമില്ല', സൂര്യകുമാര്‍ വ്യക്തമാക്കി.
Suryakumar Yadav said, "There is no question mark on the wicketkeeper at the moment - Sanju Samson has done really well in the last 7-8, maybe 10, matches and he has really shown what he is capable of.#ChampionsTrophy2025 #INDvsENG#ChampionsTrophy #CT25 pic.twitter.com/zvp1apHMog
— kuldeep singh (@kuldeep0745) January 22, 2025
'ഇത്തരം പ്രകടനങ്ങള്‍ തന്നെയാണ് എല്ലാ കളിക്കാരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ടീമിനെ ശരിയായ ദിശയില്‍ മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് എല്ലാ കളിക്കാരും ചെയ്യേണ്ടത്. സഞ്ജുവിന് കിട്ടിയ അവസരം അവന്‍ നന്നായി തന്നെ ഉപയോഗിക്കുന്നുണ്ട്. അതില്‍ എനിക്ക് വലിയ സന്തോഷവുമുണ്ട്', സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ഫോർമാറ്റിൽ മികച്ച ഫോമിലാണ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ബാറ്റുവീശുന്നത്. അവസാനം കളിച്ച അഞ്ച് ടി 20 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികളടക്കം 436 റൺസായിരുന്നു 2024 കലണ്ടർ വർഷത്തിൽ സഞ്ജു അടിച്ചെടുത്തത്. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം അതിശയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സഞ്ജു ഇത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20 കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മികച്ച ഫോം തുടരുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം. കളത്തിനുപുറത്തെ വിവാദങ്ങൾ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ പരമ്പര. സഞ്ജുവിനൊപ്പം അഭിഷേക് ശർമ ഓപ്പണിങ്ങിനിറങ്ങും.
Content Highlights: 'No Question Marks On Wicketkeepers': Suryakumar Yadav Backs Sanju Samson