വരാനിരിക്കുന്ന ചാംപ്യൻസ് ട്രോഫിക്കുള്ള ടീം ഇന്ത്യയുടെ ജഴ്‌സി സംബന്ധിച്ച ഐസിസിയുടെ മാർഗനിർദേശങ്ങൾ ഇന്ത്യൻ ബോർഡ് പൂർണമായും പാലിക്കുമെന്ന് പുതുതായി നിയമിതനായ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്താനിലേക്കുള്ള യാത്ര വിസമ്മതിച്ചതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റേണ്ടി വന്നിരുന്നു.
നേരത്തെ ചാംപ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ കിറ്റില്‍ പാകിസ്താൻ എന്നെഴുതരുതെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ഐസിസി ഇതുവരെ പച്ച കൊടി കാണിച്ചിരുന്നില്ല. ഐസിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് ആതിഥേയരാജ്യത്തിന്‍റെ പേര് എല്ലാ ടീമുകളുടെയും ടീം ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റുകളില്‍ ഉണ്ടാകണമെന്നുണ്ട്. നേരത്തെ പാകിസ്താനിൽ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനാല്‍ പുതിയ നിര്‍ദേശത്തോട് ഐസിസി അനുകൂല സമീപനമല്ല കാണിച്ചിരുന്നത്. ഇതാണ് തീരുമാനത്തിൽ നിന്നും പിന്മാറാൻ ബിസിസിഐയെ നിര്‍ബന്ധിച്ചതെന്നാണ് സൂചന.
അതേസമയം ഐസിസിയുടെ ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിൽ രോഹിത് ശർമ പങ്കെടുക്കില്ല. പാകിസ്താനിൽ നടക്കുന്ന ഈ ഫോട്ടോ ഷൂട്ടിനും ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിലും പങ്കെടുക്കാൻ രോഹിതിനെ അയക്കില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഉദ്ഘാടന ചടങ്ങിലും രോഹിത് പങ്കെടുക്കില്ലെന്ന് ഉറപ്പായി. നേരത്തെ രോഹിതിനെ പറഞ്ഞയക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നായിരുന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നത്.
Content Highlights: pakistan name on Jersey; BCCI Secretary say indian cricket will follow ICC norms