ബ്ലോക് ബസ്റ്റർ ചിത്രമായ പുഷ്പയിലെ അല്ലു അർജുൻ സ്റ്റൈൽ ക്രിക്കറ്റ് ലോകത്തും പല തവണയായി താരങ്ങൾ അനുകരിച്ചിട്ടുണ്ടുണ്ട്. മുമ്പ് ഡേവിഡ് വാർണറും രവീന്ദ്ര ജഡേജയും സൂര്യകുമാർ യാദവും നിതീഷ് റെഡ്ഡിയുമൊക്കെ പുഷ്പരാജ് സ്റ്റൈൽ അനനുകരിച്ചപ്പോൾ വൈറലായിരുന്നു. ഇപ്പോഴിതാ, പുഷ്പ സ്റ്റൈൽ അനുകരിച്ച് മറ്റൊരു താരം കൂടി രംഗത്തെത്തിയിരിക്കുകയാണ്. പാക് പേസറായ മുഹമ്മദ് ആമിറാണ് പുഷ്പ സെലിബ്രേഷനിലെ പുതിയ എൻട്രി.
ദുബായിൽ നടക്കുന്ന ILT20 ടൂർണമെന്റിലായിരുന്നു പുഷ്പയുടെ ഐക്കോണിക് ആംഗ്യവുമായി ആമിർ കളം നിറഞ്ഞത്. ഡെസെർട്ട് വൈപ്പേഴ്സിനു വേണ്ടി കളിക്കാനിറങ്ങിയ ആമിർ രോഹൻ മുസ്തഫയുടെ വിക്കറ്റെടുത്തപ്പോഴായിരുന്നു ഈ സെലിബ്രേഷന് തുടക്കമിട്ടത്. ആമിറിന്റെ പന്തിൽ രോഹൻ സാം കുറന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ആമിറിന്റെ മൂന്നാം വിക്കറ്റായിരുന്നു അത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ചും ആമിറായിരുന്നു. മത്സരത്തിൽ 3.1 ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റാണ് ആമിർ സ്വന്തമാക്കിയത്. നിമിഷനേരം കൊണ്ട് തന്നെ ആമിറിന്റെ ഈ സെലിബ്രേഷൻ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
Pushpa celebration by Mohammad Amir after taking a wicket. This is so good to see. Pushpa's craze is unmatched 🇵🇰🇮🇳❤️❤️ #DPWorldILT20 pic.twitter.com/uDYPoTkn4U
— Farid Khan (@_FaridKhan) January 22, 2025
കഴിഞ്ഞ മാസമാണ് പാക് പേസര്‍ മുഹമ്മദ് ആമിർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നേരത്തെ 2024 മാര്‍ച്ചില്‍ ആമിര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ആമിര്‍ മടങ്ങിയെത്തിയിരുന്നെങ്കിലും വീണ്ടും ഔദ്യോഗികമായി കഴിഞ്ഞ മാസം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
2010-2015 കാലഘട്ടത്തിൽ തന്റെ 18-ാം വയസിൽ ഒത്തുകളി വിവാദത്തെ തുടർന്ന് ആമിറിന് പാക് ടീമിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് ടീമിൽ തിരിച്ചെത്തിയ ആമിർ 2017ല്‍ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ പാകിസ്താന്റെ ഹീറോയായി മാറി. കലാശപ്പോരിൽ ഇന്ത്യയെ തോല്‍പ്പിച്ച് പാക് പട കിരീടം നേടിയപ്പോള്‍ ആമിർ നിർണായ പ്രകടനം പുറത്തെടുത്തിരുന്നു. പാകിസ്താനുവേണ്ടി 36 ടെസ്റ്റിലും 61 ഏകദിനങ്ങളിലും 62 ടി20 മത്സരങ്ങളിലും ആമിര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 119 വിക്കറ്റുകൾ വീഴ്ത്തിയ ആമിർ ഏകദിനത്തില്‍ 81ഉം ടി20യില്‍ ഏഴും വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
content highlights: Mohammad Amir Joins ‘Pushpa’ Craze With Signature Celebration In ILT20