രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്ര താരവും മുൻ ഡൽഹി ഡെയര്‍ഡെവിൾസ് താരവും കൂടിയായ അങ്കിത് ഭാവ്‍നെയ്ക്കെതിരെ അച്ചടക്ക നടപടി. താരത്തെ ഒരു മത്സരത്തിൽ നിന്നും ബിസിസിഐ വിലക്കി. ഇതോടെ ബറോഡയ്ക്കെതിരെ നാസിക്കിൽ നടക്കുന്ന അടുത്ത മത്സരത്തിൽ 32 വയസ്സുകാരനായ താരം കളിക്കില്ല.
കഴിഞ്ഞ വർഷം രഞ്ജിട്രോഫി മത്സരത്തിനിടെ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടി. മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് താരം ഗ്രൗണ്ടിൽ തന്നെ നിലയുറപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം സർവീസസിനെതിരായ മത്സരത്തിൽ പുറത്തായപ്പോഴായിരുന്നു അങ്കിത് ഗ്രൗണ്ട് വിടാതിരുന്നത്. 15 മിനിറ്റോളമാണ് താരം ഗ്രൗണ്ടിൽ തുടർന്നത്. ഡിആർഎസ് സൗകര്യം ഇല്ലാത്ത മത്സരമായതിനാൽ അംപയറുടെ തീരുമാനം പരിശോധിക്കണമെന്ന താരത്തിന്റെ വാദവും അംഗീകരിക്കപ്പെട്ടില്ല.
തുടർന്ന് മാച്ച് റഫറിയും മഹാരാഷ്ട്രയുടെ പരിശീലകനും ഇടപെട്ടാണ് താരത്തെ ഗ്രൗണ്ടിൽനിന്ന് കൊണ്ടുപോയത്. ബിസിസിഐയുടെ ശിക്ഷാനടപടി നേരിടുന്ന താരം അടുത്ത മത്സരം കളിക്കുമെന്നു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. അങ്കിത് നോട്ട്ഔട്ട് ആണെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ അന്ന് ഇന്ത്യൻ താരം റിതുരാജ് ഗെയ്ക്‌വാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
Content Highlights: Ankit Bawne gets one-match Ranji ban by bcci