രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ മധ്യപ്രദേശിനെ 160 റൺസിൽ ഓൾ ഔട്ടാക്കാൻ കേരളത്തിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ ആദ്യ ഇന്നിംഗ്സിൽ കേരളം 167 റൺസിൽ എല്ലാവരും പുറത്തായി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ നന്നായി തുടങ്ങിയ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്.
രണ്ടാം ദിവസം രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ നാലിന് 62 റൺസെന്ന നിലയിലായി കേരളം. രോഹൻ കുന്നുമ്മൽ 25 റൺസും അക്ഷയ് ചന്ദ്രൻ 22 റൺസുമെടുത്ത് പുറത്തായി.
രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ മധ്യപ്രദേശിനായി ശുഭം ശർമ്മ 46 റൺസെടുത്തും രജത് പട്ടീദാർ 50 റൺസെടുത്തും ക്രീസിലുണ്ട്. ഇരുവരും ചേർന്ന് പിരിയാത്ത മൂന്നാം വിക്കറ്റിൽ 82 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
Content Highlights: Kerala edge over Madya Pradesh in first innings