രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ ബൗളിങ്ങുമായി രവീന്ദ്ര ജഡേജ. രണ്ട് ഇന്നിംഗ്സിലുമായി 12 വിക്കറ്റുകളാണ് ജഡേജ നേടിയത്. ഇന്ത്യൻ ഓഫ് സ്പിന്നറുടെ ബൗളിങ് പ്രകടനത്തിന്റെ മികവിൽ മത്സരത്തിൽ ഡൽഹിയെ 10 വിക്കറ്റിന് തോൽപ്പിക്കാനും സൗരാഷ്ട്രയ്ക്ക് കഴിഞ്ഞു. സ്കോർ ഡൽഹി ഒന്നാം ഇന്നിംഗ്സിൽ 188, സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സിൽ 271. ഡൽഹി രണ്ടാം ഇന്നിംഗ്സിൽ 94. രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 15.
നേരത്തെ സൗരാഷ്ട്ര സ്കോർ അഞ്ചിന് 163 എന്ന നിലയിലാണ് രണ്ടാം ദിവസം മത്സരം ആരംഭിച്ചത്. ഡൽഹിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 188നെതിരെ ആദ്യ ഇന്നിംഗ്സിൽ 271 റൺസെടുക്കാൻ സൗരാഷ്ട്രയ്ക്ക് കഴിഞ്ഞു. 83 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഡൽഹിക്കെതിരെ സൗരാഷ്ട്ര നേടിയത്. പിന്നാലെ രണ്ടാം ഇന്നിംഗ്സിൽ ഡൽഹി 94 റൺസിൽ എല്ലാവരും പുറത്തായി. 12 റൺസിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ നേടാനും സൗരാഷ്ട്രയ്ക്ക് കഴിഞ്ഞു.
2023ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫി കളിക്കുന്നത്. ആദ്യ ഇന്നിംഗ്സിൽ 66 റൺസ് വിട്ടുകൊടുത്ത്
ജഡേജ അഞ്ച് വിക്കറ്റെടുത്തു. ബാറ്റുകൊണ്ട് 38 റൺസ് സംഭാവന ചെയ്യാനും താരത്തിന് കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സിൽ ജഡേജ 38 റൺസ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റും നേടി. രഞ്ജി ട്രോഫി കരിയറിൽ 135 മത്സരങ്ങളിൽ നിന്നായി 542 വിക്കറ്റുകളാണ് ജഡേജയുടെ നേട്ടം.
Content Highlights: Ravindra Jadeja marks Ranji trophy return with 12 wicket haul