കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സഞ്ജു സാംസണിന്റെ പിതാവ്. പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ സഞ്ജുവിന്റെ കരിയര്‍ നശിപ്പിക്കാന്‍ കെസിഎ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് സാംസണ്‍ വിശ്വനാഥ് ആരോപിച്ചു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ ഇടപെടലിലൂടെയാണ് സഞ്ജുവിന്റെ രക്ഷപ്പെട്ടതെന്നും സ്‌പോര്‍ട്‌സ് തകിന് നൽകിയ അഭിമുഖത്തില്‍ വിശ്വനാഥ് അഭിമുഖത്തില്‍ അവകാശപ്പെട്ടു. രാഹുല്‍ ദ്രാവിഡിനെക്കുറിച്ചുള്ള ഒരു സംഭവം ഞാന്‍ നിങ്ങളോട് പറയാം എന്ന് പറഞ്ഞാണ് അഭിമുഖത്തിൽ ദ്രാവിഡ് തുടങ്ങുന്നത്.
'രാഹുല്‍ ദ്രാവിഡിനെക്കുറിച്ചുള്ള ഒരു സംഭവം ഞാന്‍ നിങ്ങളോട് പറയാം. കെസിഎ സഞ്ജുവിനെ അവഗണിക്കാനും കരിയര്‍ നശിപ്പിക്കാനും ശ്രമിച്ചപ്പോള്‍, ദ്രാവിഡ് ജി ഇടപെട്ടിരുന്നു. 11 വയസ്സുള്ളപ്പോയായിരുന്നു അത്, സഞ്ജു ഇന്നത്തെ നിലയിലെത്തിയതിന് അദ്ദേഹം രാഹുല്‍ ദ്രാവിഡിനോട് കടപ്പെട്ടിരിക്കുന്നു. സഹായം ചെയ്ത ആരെയും ഞാന്‍ മറന്നിട്ടില്ല. സഞ്ജുവിനെതിരെ നടപടിയെടുത്ത സമയത്ത് ഞങ്ങള്‍ എല്ലാവരും സങ്കടപ്പെട്ട് വീട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു ദിവസം സഞ്ജുവിന് രാഹുല്‍ സാറില്‍ നിന്ന് ഒരു കോള്‍ വന്നു. സഞ്ജു അതിയായി സന്തോഷിച്ചു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം ഫോണ്‍ എടുത്തത്'- വിശ്വനാഥ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം നല്‍കിയതിന് ഹെഡ് കോച്ച് ഗൗതം ഗംഭീറിനും ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും വിശ്വനാഥ് നന്ദി പറഞ്ഞു. ഗംഭീറിലും സൂര്യകുമാര്‍ യാദവിൽ പൂർണ്ണ ആത്‌മവിശ്വാസമുണ്ടെന്നും വിശ്വനാഥ് പറഞ്ഞു.
നേരത്തെ സഞ്ജുവുമായി പ്രശ്നങ്ങളുള്ള ഒരുപാട് പേർ കെസിഎയിലുണ്ടെന്നും ക്യാമ്പ് നഷ്ടമായ ഒരേ ഒരാൾ സഞ്ജുവല്ലെന്നും വിശ്വനാഥ് സാംസൺ പറഞ്ഞിരുന്നു.' സഞ്ജുവിന് മാത്രമല്ല ക്യാമ്പ് നഷ്ടമായത്, ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ടി 20 പരമ്പര കളിച്ച സഞ്ജു വിശ്രമം ആഗ്രഹിച്ചിരുന്നു. അതിനാണ് കുറച്ച് ദിവസത്തേക്ക് വിട്ടുനിന്നത്, എന്നാൽ രഞ്ജിയിലും മുഷ്താഖ് അലി ട്രോഫിയിലും താരം കളിക്കുകയും ചെയ്തു, വിജയ് ഹസാരെയിൽ കളിക്കാനും മകൻ തയ്യാറായിരുന്നു, എന്നാൽ കുറച്ച് ദിവസം ക്യാമ്പിൽ നിന്ന് വിട്ടുനിന്നു എന്നതിന്റെ പേരിൽ താരത്തെ ഒഴിവാക്കുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.
ഇതിന് മുമ്പും ഇന്ത്യൻ പര്യടനങ്ങൾക്കിടയിൽ സഞ്ജു വന്ന് കളിക്കാറുണ്ട്, പുറത്തുള്ള സംസ്ഥാനങ്ങളും ഇന്ത്യൻ താരങ്ങൾക്ക് ഈ ഇളവ് കൊടുക്കാറുണ്ട്, എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ ബാലിശമായ ഇടപെടൽ ചില നടത്തുകയായിരുന്നു, വിശ്വനാഥ് സാംസൺ കുറ്റപ്പെടുത്തി. എന്നാലിത് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജിനെയോ സെക്രട്ടറി വിനോദ് എസ് കുമാറിനെയോ അല്ല ഉദ്ദേശിക്കുന്നതെന്നും പിതാവ് അന്ന് വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫി ടീമിലുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കാത്തതിന് പിന്നാലെ പൊട്ടി പുറപ്പെട്ടതാണ് സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തർക്കം. വിജയ് ഹസാരെ ട്രോഫി കളിക്കാത്തതാണ് സഞ്ജുവിന്റെ അവസരം നഷ്ടപ്പെടാൻ കാരണമെന്ന് പറയുമ്പോൾ പ്രതിസ്ഥാനത്ത് വന്നത് കെസിഎ കൂടിയായായിരുന്നു. ഇതിനിടയിൽ സഞ്ജുവിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ കൂടിയായതോടെ തർക്കം രൂക്ഷമായിരിക്കുകയാണ്.
Content Highlights: Sanju Samson's Father Remembers Rahul Dravid's Support During tough time with kca