ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി തൻമയ് അഗർവാൾ മിന്നും പ്രകടനം നടത്തിയപ്പോൾ ഹിമാചൽ പ്രദേശിനെതിരെ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക്. രഞ്ജിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരങ്ങളിൽ എല്ലാ ടീമുകളും റൺസ് കണ്ടെത്താൻ വിഷമിക്കുന്ന ഘട്ടത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം.
327 പന്തുകൾ നേരിട്ട താരം 177 റൺസ് നേടി ക്രീസിലുണ്ട്. 19 ബൗണ്ടറികൾ അടങ്ങുന്നതാണ് ഇന്നിങ്‌സ്. താരത്തിന് പുറമെ അഭിരാഥ് റെഡ്‌ഡി 132 പന്തിൽ 72 റൺസ് നേടി പുറത്തായി. 52 റൺസുമായി രാഹുൽ രാദേഷും മികച്ച സംഭാവന നൽകി. നിലവിൽ 114 പിന്നിടുമ്പോൾ 379 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഹൈദരാബാദ്.
എലൈറ്റ് ബി ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി ആറാം സ്ഥാനത്താണ് ഹൈദരാബാദ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഹിമാചൽ പ്രദേശ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 64 മത്സരങ്ങളിൽ നിന്ന് 4685 റൺസ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
Content Highlights: tanmay agarwal stunning century in Ranji; Hyderabad to a huge score