കഴിഞ്ഞ മാച്ചിൽ സെഞ്ച്വറി, മിന്നും ആവറേജ്; എന്നിട്ടും ഹിറ്റ്മാനായി മുംബൈ ടീമിൽ നിന്നും വഴിമാറേണ്ടി വന്ന 17 കാരൻ

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്.

dot image

നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമ മുംബൈക്ക് വേണ്ടിയിറങ്ങിയ രണ്ട് ഇന്നിങ്സിലും നിരാശപ്പെടുത്തിയതോടെ ആരാധകരുടെ വിമർശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. രോഹിത് വിരമിക്കണമെന്നും പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്നുമാണ് പലരും പറയുന്നത്. അതിനിടയിലാണ് രോഹിതിന്റെ രഞ്ജി ട്രോഫി ഇലവനിലേക്കുള്ള കടന്നുവരവും ചർച്ചയാകുന്നത്.

ഇന്ത്യയുടെ യുവ സെൻസേഷണൽ ബാറ്ററായ 17-കാരനായ ആയുഷ് മാത്രെയെയാണ് രോഹിതിന് വേണ്ടി മുംബൈ ടീം ഇലവനിൽ നിന്നൊഴിവാക്കിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം കൂടിയായിരുന്നു ഈ യുവ പ്രതിഭ. രഞ്ജിയിലെ ആറ് മത്സരങ്ങളിൽ നിന്ന് 40.09 ശരാശരിയിൽ 441 റൺസ് നേടി താരം മികച്ച പ്രകടനം നടത്തികൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി പുറത്തായത്.

ഇതോടെ യുവതാരത്തിന്റെ അവസരം നഷ്ടപ്പെടുത്തിയതിലും രോഹിതിന് വിമർശനം ഏൽക്കേണ്ടി വന്നു. അതേ സമയം അവസരം നഷ്ടമായതിൽ സങ്കടമില്ലെന്നും രോഹിത്തിനെ പോലെയുള്ള താരത്തിന്റെ കൂടെ ഡ്രസിങ് റൂം പങ്കിടാൻ പറ്റുന്നത് ഭാഗ്യമാണെന്നും മാത്രെ പ്രതികരിച്ചു.

'എൻ്റെ ആരാധനാപാത്രത്തോടൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ട്, അദ്ദേഹം ടെലിവിഷനിൽ ബാറ്റ് ചെയ്യുന്നത് കണ്ട് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് മുതൽ ആഗ്രഹിച്ചത് ഇങ്ങനെയൊരു നിമിഷത്തിനായിരുന്നു' ഹിറ്റ്മാനുമൊത്തുള്ള ഒരു ചിത്രം പങ്കിടുന്നതിനിടയിൽ മാത്രെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മുംബൈയുടെ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ സർവീസസിനെതിരെ 116 റൺസാണ് മാത്രെ നേടിയത്. ലിസ്റ്റ് എയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 65.42 ശരാശരിയിൽ 458 റൺസ് നേടിയ അദ്ദേഹം വൈറ്റ്-ബോൾ ക്രിക്കറ്റിലും തന്റെ മേൽവിലാസം അറിയിച്ചിട്ടുണ്ട്.

രോഹിത് മാത്രമല്ല, രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിക്കുന്ന മറ്റ് മുതിർന്ന ഇന്ത്യൻ താരങ്ങളും പരാജയപ്പെട്ടു. യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ , ശിവം ദുബെ അജി ങ്ക്യ രഹാനെ എന്നിവർക്കും മികച്ച പ്രകടനം കാഴ്ച വെക്കാനായിട്ടില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് ഇതിന് മുമ്പ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചിരുന്നത്. ഇപ്പോൾ ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തിയപ്പോഴും രോഹിത് ഫോം ഔട്ടിൽ തന്നെയാണ്.

Content Highlights: 17-Year-Old Mumbai Batter, Dropped For Rohit Sharma in ranji trophy

dot image
To advertise here,contact us
dot image