നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് മടങ്ങിയതാണ് രഞ്ജി ട്രോഫിയിലെ ഈ ദിവസത്തെ ഹൈലൈറ്റ്. ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിലെങ്കിലും ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും 28 റൺസ് മാത്രമേ രോഹിത്തിന് നേടാൻ കഴിഞ്ഞുള്ളൂ. ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസ് നേടിയ താരത്തിന് രണ്ടാം ഇന്നിങ്സിൽ 35 പന്തുകൾ നേരിടാനായി എന്നത് മാത്രമാണ് വലിയ പോസിറ്റീവ്. അതിനിടയിൽ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും രോഹിത് നേടുകയുണ്ടായി. എന്നാൽ വലിയ ഇന്നിങ്‌സ് കളിക്കുന്ന കാര്യത്തിൽ അന്തരാഷ്ട്ര ക്രിക്കറ്റിലെന്ന പോലെ ആഭ്യന്തര ക്രിക്കറ്റിലും രോഹിത് പരാജയമാവുകയാണ്.
വലിയ ഇന്നിങ്‌സുകൾ കളിക്കാതെ, തന്റെ ഫോമിലേക്ക് രോഹിത്തിന് തിരിച്ചുവരാൻ കഴിയില്ല എന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. രോഹിത്തിന്റെ മുൻ കാല പ്രകടനം നോക്കുമ്പോൾ അത് സത്യം തന്നെയാണ്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ രോഹിത് 14 ടെസ്റ്റുകൾ കളിച്ചപ്പോൾ അതിൽ പലതിലും തുടക്ക ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ കൂടുതൽ പന്തുകൾ നേരിട്ട് നിലയുറപ്പിക്കാൻ താരത്തിനായിരുന്നില്ല. ഈ പ്രശ്‌നം ഇന്നത്തെ രണ്ടാം ഇന്നിങ്സിലും മുഴച്ചു നിന്നു. അത് കൊണ്ട് തന്നെ തുടക്കത്തിലേ ഉള്ള മൂന്ന് സിക്സർ പ്രകടനം അവിടെ നിൽക്കുമ്പോൾ തന്നെയും യഥാർത്ഥ പ്രശ്നം മറയാതെ കിടക്കുകയാണ്.
പെട്ടെന്ന് റൺസ് കണ്ടെത്തുക എന്നതിനപ്പുറം ക്രീസിൽ പിടിച്ചുനിൽക്കുക എന്ന ബേസിക് വശമാണ് രോഹിത് ഇപ്പോൾ മറന്നിരിക്കുന്നത്. താരത്തിൻെറ ഈ അഗ്രസീവ് അപ്പ്രോച് ഏകദിന ലോകകപ്പിലും ടി 20 ലോകകപ്പിലും ഇന്ത്യൻ ടീമിന് ഗുണകരമായിരുന്നെങ്കിലും ടെസ്റ്റ് മത്സരങ്ങളിൽ ഇത് പരാജയമാവുന്ന കാഴ്ചയാണ് നമ്മൾ സമീപകാലത്തായി കണ്ടുവരുന്നത്. തന്റെ പ്രകടനം പരാജയപ്പെടുന്നതോടെ ടീമിനെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കുന്ന ഒരു ഫ്രീ വിക്കറ്റായി രോഹിത് മാറിയിരിക്കുകയാണ്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയിരുന്നു. ആ പരമ്പരയിലെ മോശം പ്രകടനമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായത്. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമായിരുന്നു രോഹിത് ശർമയുടെ സമ്പാദ്യം. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി.
My GOAT Comeback in Test 🔥🔥😍#RohitSharma #RanjiTrophy pic.twitter.com/z0OGRHlr8g
— Terminator (@OG_Terminator) January 24, 2025
അതേ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത്കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് ഇതിന് മുമ്പ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചിരുന്നത്. ഇപ്പോൾ ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടുമെത്തിയപ്പോഴും രോഹിത് ഫോം ഔട്ടിൽ തന്നെയാണ്.
Content Highlights: Three sixes aside, did Rohit realize the real problem?