രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 363 റൺസ് വിജയലക്ഷ്യം. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന്ന നിലയിലാണ്. മത്സരത്തിന്റെ അവസാന ദിവസമായ നാളെ കേരളത്തിന് വിജയത്തിലേക്ക് ഇനി 335 റൺസ് കൂടി വേണം. സ്കോർ മധ്യപ്രദേശ് ആദ്യ ഇന്നിംഗ്സിൽ 160, കേരളം ആദ്യ ഇന്നിംഗ്സിൽ 167. മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 369 ഡിക്ലയർഡ്, രണ്ടാം ഇന്നിംഗ്സിൽ 28ന് ഒന്ന്.
നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ് മധ്യപ്രദേശ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. 92 റൺസെടുത്ത രജത് പാട്ടിദാർ, 54 റൺസെടുത്ത ക്യാപ്റ്റൻ ശുഭം ശർമ, 70 പന്തിൽ 80 റൺസുമായി പുറത്താകതെ നിന്ന വെങ്കിടേഷ് അയ്യർ എന്നിവരുടെ പ്രകടനമാണ് മധ്യപ്രദേശിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ മധ്യപ്രദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്ത് ഡിക്ലയർ ചെയ്തു. വിജയത്തിലേക്ക് ബാറ്റുവെച്ച കേരളത്തിന് 24 റൺസെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. നാല് റൺസോടെ രോഹൻ കുന്നുന്മൽ ആണ് മത്സരം അവസാനിക്കുമ്പോൾ ക്രീസിലുള്ളത്.
Content Highlights: MP posted 363 runs target for Kerala in Ranji Trophy