ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയായതിൽ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് സങ്കടമുണ്ടെന്നും താരം എങ്ങനെയാണ് ഈ സാഹചര്യം അതിജീവിക്കുന്നതെന്ന് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'സത്യം പറഞ്ഞാല്‍ അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എത്ര റണ്ണടിച്ചാലും അവനെ ഒഴിവാക്കും. ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമേ പരമാവധി ഉള്‍പ്പെടുത്താനാവൂവെന്ന് എനിക്കറിയാം. പക്ഷേ, സഞ്ജുവിന്‍റെ കളിശൈലിക്ക് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റാണിത്. മധ്യനിരയിൽ റൺ വറ്റുമ്പോൾ ആശ്രയിക്കാവുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് സഞ്ജു.' ഹർഭജൻ പറഞ്ഞു.
ഈ ഫോര്‍മാറ്റില്‍ അവന് 55-56 ബാറ്റിങ് ശരാശരിയുമുണ്ട്. അവസാന ഏകദിനത്തിൽ സെഞ്ച്വറിയുണ്ട്, അവസാനം കളിച്ച ടി 20 പരമ്പരകളിലും ഇപ്പോൾ കളിക്കുന്ന പരമ്പരയിലും താരം മിന്നുന്ന ഫോമിൽ കളിക്കുന്നു. എന്നിട്ടും അവനെ രണ്ടാം വിക്കറ്റ് കീപ്പറായിപ്പോലും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിച്ചില്ല. അവനെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ആരുടെ സ്ഥാനത്ത് എന്നതാണ് പലരും ചോദിക്കുന്നത്. സ്ഥാനങ്ങളൊക്കെ വിചാരിച്ചാല്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. സ്പെഷ്യലിസ്റ്റ് കീപ്പറായി അല്ലാതെ ടീമിൽ ഉൾപ്പെടുത്തിയാൽ എന്താണ് പ്രശ്‌നമെന്നും സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയും രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. 2023ലെ ഏകദിന ലോകകപ്പിലും രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. 2021ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയ സഞ്ജു 16 മത്സരങ്ങളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 56.66 ശരാശരിയില്‍ 510 റണ്‍സ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ 2023ല്‍ അവസാനം കളിച്ച ഏകദിനത്തിലായിരുന്നു സഞ്ജുവിന്‍റെ കന്നി സെഞ്ച്വറി. സഞ്ജു ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ള ടി 20 പരമ്പര കളിക്കുകയാണ്. ആദ്യ കളിയിൽ ഭേദപ്പെട്ട പ്രകടനം നടത്താൻ സഞ്ജുവിനായിരുന്നു. ഇന്നാണ് പരമ്പരയിലെ രണ്ടാം ടി 20 മത്സരം.
Content Highlights:No matter how well you play, you will be kicked out; Sad about Sanju: Harbhajan