ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് വിജയം. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ കീഴടങ്ങാതെ പോരാടിയ തിലക് വർമയാണ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. ഒരറ്റത്ത് കീഴടങ്ങാതെ പൊരുതിയ തിലക് വർമ 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. തിലകിനെ കൂടാതെ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Tilak Varma's 55-ball 72 takes India home in thrilling contest at Chepauk