ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ ഇന്ത്യയുടെ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും തിലക് വർമയ്ക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് ബട്ലർ. മത്സരത്തിന് ശേഷമായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രതികരണം. അവസാനം വരെ ഇതൊരു ആവേശകരമായ മത്സരമായിരുന്നു. തിലക് ഇന്ത്യയ്ക്കായി മത്സരം വിജയിച്ചു. ജോസ് ബട്ലർ പ്രതികരിച്ചു.
മത്സരത്തിൽ ഇംഗ്ലണ്ട് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. മത്സരം ആവേശകരമാക്കി. ഇംഗ്ലണ്ടിന്റെ ബാറ്റിങ് മികച്ചതായിരുന്നു. ആക്രമണ ശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്. പ്രതിരോധിക്കാൻ കഴിയാവുന്ന ഒരു സ്കോറിലേക്കെത്താൻ ഇംഗ്ലണ്ടിന് സാധിച്ചെന്നും ബട്ലർ വ്യക്തമാക്കി.
അരങ്ങേറ്റ മത്സരത്തിൽ തന്നെ ജാമി സ്മിത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ബ്രൈഡൻ കാർസ് പന്തുകൊണ്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ മത്സരത്തേക്കാൾ ഇംഗ്ലണ്ട് ടീം ഒരുപാട് മെച്ചപ്പെട്ടു. ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് കളിച്ചത്. ഇന്ത്യൻ സ്പിന്നർമാരെ ഇംഗ്ലണ്ട് മികച്ച രീതിയിൽ കളിച്ചു. അതിൽ താൻ സന്തോഷവാനാണ്. ബട്ലർ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ രണ്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ കീഴടങ്ങാതെ പോരാടിയ തിലക് വർമയാണ് ആവേശകരമായ വിജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. ഒരറ്റത്ത് കീഴടങ്ങാതെ പൊരുതിയ തിലക് വർമ 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. തിലകിനെ കൂടാതെ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Captain Jos Buttler in all praise of Tilak in winning second t20i