പാകിസ്താനും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം വീണത് 20 വിക്കറ്റുകൾ. പാകിസ്താൻ താരം നോമാൻ അലി ഹാട്രിക് നേട്ടവും സ്വന്തമാക്കി. പാകിസ്താൻ മണ്ണിൽ ഇതാദ്യമായാണ് ടെസ്റ്റ് മത്സരത്തിന്റെ ഒരു ദിവസം 20 വിക്കറ്റുകളും വീഴുന്നത്. ആദ്യ ദിവസത്തിലെ ആവേശകരമായ പോരാട്ടത്തിൽ പാകിസ്താനെതിരെ ഒമ്പത് റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ വെസ്റ്റ് ഇൻഡീസിന് സാധിച്ചു. സ്കോർ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ 163ന് പുറത്ത്, പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ 154.
ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 54 എന്ന നിലയിൽ തകർന്ന വെസ്റ്റ് ഇൻഡീസിനായി ബൗളർമാരാണ് രക്ഷയ്ക്കെത്തിയത്. ഒമ്പതാമനായി ക്രീസിലെത്തി 55 റൺസെടുത്ത ഗുഡ്കേഷ് മോട്ടി, 10-ാമൻ കെമർ റോച്ചിന്റെ 25, 11-ാമൻ ജോമൽ വരികാന്റെ പുറത്താകാതെയുള്ള 36 എന്നീ സ്കോറുകൾ വിൻഡീസിനെ 163 എന്ന സ്കോറിലെത്തിച്ചു. ഹാട്രിക് അടക്കം ആറ് വിക്കറ്റെടുത്ത നോമാൻ അലിയാണ് പാകിസ്താനായി തിളങ്ങിയത്.
മറുപടി പറഞ്ഞ പാകിസ്താനും സ്വയം കുഴിച്ച കുഴിയിൽ വീണു. 49 റൺസെടുത്ത മുഹമ്മദ് റിസ്വാനും 32 റൺസെടുത്ത സൗദ് ഷക്കീലിനുമൊഴികെ മറ്റാർക്കും പാക് നിരയിൽ പിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത ജോമൽ വരികാൻ, മൂന്ന് വിക്കറ്റെടുത്ത ഗുഡ്കേഷ് മോട്ടീ എന്നിവർ വിൻഡീസിനായി തിളങ്ങി.
Content Highlights: PakvsWi second test day 1 witnessed 20 wickets in a day