ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് താരം ജോസ് ബട്ലറിന് സ്വന്തമായത് ചരിത്രനേട്ടം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായിരിക്കുകയാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ. ഇന്ത്യയ്ക്കെതിരെ 24 ട്വന്റി 20 മത്സരങ്ങൾ കളിച്ച ബട്ലർ ഇതുവരെ അടിച്ചെടുത്തത് 611 റൺസാണ്. 592 റൺസെന്ന വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാന്റെ റെക്കോർഡാണ് ബട്ലർ മറികടന്നത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോററായത് ജോസ് ബട്ലറാണ്. 30 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം ബട്ലർ 45 റൺസെടുത്തു. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ ഉയർത്തിയിരുന്നു. എന്നാൽ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.
ഇന്ത്യയ്ക്കെതിരായ ആദ്യ ട്വന്റി 20യിലും ജോസ് ബട്ലറായിരുന്നു ഇംഗ്ലണ്ട് നിരയുടെ ടോപ് സ്കോറർ. 44 പന്തുകളിൽ എട്ട് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ ബട്ലർ 68 റൺസെടുത്തിരുന്നു. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 132 എന്ന സ്കോറിലേക്കൊതുങ്ങി. ഇന്ത്യ അനായാസം മത്സരം വിജയിക്കുകയും ചെയ്തു.
Content Highlights: Jos Buttler Becomes Leading Run Scorer In T20Is Against India