'ആർച്ചറിനെ ആക്രമിക്കാൻ തന്നെയായിരുന്നു തീരുമാനം'; വ്യക്തമാക്കി തിലക് വർ‌മ

ആക്രമണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി കളിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തിലക് സംസാരിച്ചു

dot image

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ജൊഫ്ര ആർച്ചറിനെ ആക്രമിച്ചു കളിക്കാൻ തന്നെയായിരുന്നു തീരുമാനമെന്ന് വ്യക്തമാക്കി തിലക് വർമ. ഇം​ഗ്ലണ്ടിന്റെ ഏറ്റവും മികച്ച പേസറെ ആക്രമിക്കുകയായിരുന്നു തന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു. അപ്പോൾ ഇംഗ്ലണ്ടിന്റെ മികച്ച പേസറെ ആക്രമിച്ചാൽ അത് മറ്റ് ബൗളർമാരെയും സമ്മർദ്ദത്തിലാക്കും. ആർച്ചറിനെതിരെ കളിച്ച ഓരോ ഷോട്ടുകളും നെറ്റ്സിൽ നടത്തിയ പരിശീലനത്തിന്റെ ഭാ​ഗമാണ്. മാനസികമായും ആർച്ചറിനെ നേരിടാൻ തയ്യാറെടുത്തിരുന്നു. അത് ഫലം കണ്ടെന്നും തിലക് വർമ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ആക്രമണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി കളിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും തിലക് സംസാരിച്ചു. സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ തനിക്കറിയാം. ടീമിന് ആവശ്യമെന്താണെന്ന് മനസിലാക്കി ആക്രമണ ശൈലിയോ സാവധാനം ഇന്നിം​ഗ്സ് മുന്നോട്ട് നീക്കുകയോ ചെയ്യാമെന്ന് ഇന്ത്യൻ ടീം പരിശീലകൻ ​ഗൗതം​​ ​ഗംഭീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇത് തന്റെ ബാറ്റിങ് മികവ് പുറത്തെടുക്കാനുള്ള അവസരമാണെന്നും ​ഗംഭീർ‌ പറഞ്ഞു. അപ്പോൾ മത്സരത്തിന്റെ അവസാനം വരെയും താൻ ബാറ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതായും ​തിലക് വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ തിലക് വർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 പന്തിൽ 72 റൺസുമായി തിലക് പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിം​ഗ്സ്.

Content Highlights: Tilak Varma wanted to target the best pacer of English team

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us