'വൈ ഷുഡ് ബാറ്റേഴ്സ് ഹാവ് ഓൾ ദ ഫൺ?'; നിർണായക സംഭാവനയിൽ പ്രതികരിച്ച് രവി ബിഷ്ണോയി

'സ്ലിപ്പിൽ ഫിൽഡറെ നിയോ​ഗിച്ചപ്പോൾ ഒരു ലെ​ഗ് സ്പിന്നിൽ തന്നെ പുറത്താക്കാനാണ് ഇം​ഗ്ലണ്ട് ടീം പദ്ധതിയിട്ടത്'

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ ഇന്ത്യൻ വിജയത്തിൽ പ്രതികരണവുമായി രവി ബിഷ്ണോയി. അവസാന ഓവറുകളിൽ രവി ബിഷ്ണോയി സംഭാവന ചെയ്ത പുറത്താകാതെ അഞ്ച് പന്തിൽ ഒമ്പത് റൺസും ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. പിന്നാലെയാണ് ബിഷ്ണോയി തന്റെ ബാറ്റിങ്ങിനെക്കുറിച്ച് പ്രതികരിച്ചത്.

തിലക് വർമയ്ക്ക് പിന്തുണ നൽകുകയും അനാവശ്യ ഷോട്ടുകൾ കളിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു തന്റെ ഉത്തരവാദിത്തം. എന്നാൽ ഇന്ന് താൻ ഇൻസ്റ്റാ​ഗ്രാമിൽ ഒരു റീൽ പോസ്റ്റ് ചെയ്യുന്നു. എന്തുകൊണ്ടാണ് ബാറ്റർമാർക്ക് മാത്രം എല്ലാം ആസ്വദിക്കാൻ കഴിയുന്നു. സ്ലിപ്പിൽ ഫിൽഡറെ നിയോ​ഗിച്ചപ്പോൾ ഒരു ലെ​ഗ് സ്പിന്നിൽ തന്നെ പുറത്താക്കാനാണ് ഇം​ഗ്ലണ്ട് ടീം പദ്ധതിയിട്ടത്. എന്നാൽ താൻ കവറിന് മുകളിൽ ഉയർത്തി അടിക്കാനാണ് ശ്രമം നടത്തിയത്. ഭാ​ഗ്യവശാൽ നാല് റൺസ് നേടാൻ തനിക്ക് കഴിഞ്ഞു. ബിഷ്ണോയ് മത്സരശേഷം പ്രതികരിച്ചു.

തിലക് വർമ തന്റെ കരിയറിലെ മികച്ച ഇന്നിം​ഗ്സുകളിലൊന്നാണ് കളിച്ചത്. ഒരിക്കലും എളുപ്പമായിരുന്നില്ല ചെന്നൈയിലെ പിച്ചിലെ ബാറ്റിങ്. വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുന്നു. ഇം​ഗ്ലണ്ട് നിരയിൽ മികച്ച ബൗളർമാരുണ്ട്. എന്നാൽ തിലക് രണ്ട്, മൂന്ന് മാസമായി നന്നായി ബാറ്റ് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിൽ തിലക് രണ്ട് സെഞ്ച്വറികൾ നേടി. ആഭ്യന്തര ക്രിക്കറ്റിലും തിലകിന്റെ പ്രകടനം മികച്ചതാണ്. ഇന്ത്യൻ ടീമിൽ നന്നായി കളിക്കാൻ തിലകിന് കഴിയുമെന്ന് ഡ്രെസ്സിങ് റൂമിൽ എല്ലാവർക്കും അറിയാമായിരുന്നു. തിലക് നന്നായി കളിക്കുന്നുമുണ്ടെന്നും ബിഷ്ണോയി വ്യക്തമാക്കി.

ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യ രണ്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. മുൻനിര താരങ്ങൾ നിരാശപ്പെടുത്തിയ ഇന്ത്യൻ ബാറ്റിങ് നിരയിൽ കീഴടങ്ങാതെ പോരാടിയ തിലക് വർമയാണ് ആവേശകരമായ വിജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇം​ഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ബ്രൈഡൻ കാർസ് 31, ജാമി സ്മിത്ത് 22 എന്നിങ്ങനെ സ്കോർ ചെയ്തു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ഇന്ത്യയ്ക്ക് ഒട്ടും എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തി. ഒരറ്റത്ത് കീഴടങ്ങാതെ പൊരുതിയ തിലക് വർമ 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും സഹിതമായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. തിലകിനെ കൂടാതെ 26 റൺസെടുത്ത വാഷിങ്ടൺ സുന്ദർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇം​ഗ്ലണ്ടിനായി ബ്രൈഡൻ കാർസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Ravi Bishnoi reacts on his match winning contribution in second t20i

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us