രഞ്ജി ട്രോഫിയില്‍ മധ്യ പ്രദേശിനെതിരെയുള്ള ത്രില്ലർ പോരാട്ടത്തിൽ സമനില പിടിച്ച് കേരളം. പരിക്കിനെ തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാതിരുന്ന ബാബ അപരാജിത് രണ്ടാം ഇന്നിംഗ്‌സില്‍ കാണിച്ച ചെറുത്തുനില്‍പ്പാണ് കേരളത്തിന് സമനില സമ്മാനിച്ചത്. 363 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് നേടി നിൽക്കുന്ന സമയത്താണ് ഇന്നത്തെ കളി അവസാനിച്ചത്. ആദിത്യ സര്‍വാതെയാണ് (80) കേരളത്തിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റൺസിന്റെ വിലപ്പെട്ട ലീഡ് നേടിയ കേരളത്തിന് മൂന്ന് പോയിന്റുകളും ലഭിച്ചു.
സ്‌കോര്‍: മധ്യപ്രദേശ് 160 & 369/8 ഡി, കേരളം: 167/9 & 268/8.
ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സ് ലീഡ് നേടിയിരുന്ന കേരളത്തിന് വിലപ്പെട്ട മൂന്ന് പോയിന്റുകളും ലഭിച്ചു. ഇതോടെ കര്‍ണാടകയെ പിന്തള്ളി രണ്ടാമതെത്തുക മാത്രമല്ല, ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു കേരളം. മധ്യപ്രദേശിനെതിരെ തോറ്റിരുന്നെങ്കില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേല്‍ക്കുമായിരുന്നു. അതിനാൽ തന്നെ വിജയത്തിളക്കമുണ്ട് ഈ സമനിലക്ക്.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ് കേരളം നാലാം ദിനം ബാറ്റിംഗിനെത്തുന്നത്. ഒട്ടും മികച്ചതായിരുന്നില്ല കേരളത്തിന്റെ ഇന്നത്തെ തുടക്കം. രോഹന്‍ കുന്നമ്മല്‍ (8), ഷോണ്‍ റോജര്‍ (1), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (3), സൽമാൻ നിസാർ (5) എന്നിവരുടെ വിക്കറ്റുകള്‍ നാലാം ദിനം തുടക്കത്തില്‍ തന്നെ നഷ്ടമായി. ഇതോടെ 28-1ല്‍ 47-5ലേക്ക് കൂപ്പുകുത്തിയിരുന്നു ഒരു ഘട്ടത്തിൽ കേരളം. എന്നാല്‍ ആറാം വിക്കറ്റില്‍ ജലജ് സക്‌സേന (32) - മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തിന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയായിരുന്നു.
എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സര്‍വാതെ അസറുദ്ദീനൊപ്പം ഉറച്ചുനിന്നതോടെ കേരളത്തിന് സമനില പ്രതീക്ഷയായി. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അസറുദ്ദീന്റെ അർധസെഞ്ച്വറി ഇന്നിംഗ്‌സ്. 80 റണ്‍സ് നേടിയ സര്‍വാതെ, മടങ്ങിയതോടെയാണ് അപരജിത് ക്രീസിലെത്തുന്നത്.
പരിക്ക് വകവെക്കാതെ മനോധൈര്യം നിറഞ്ഞ പോരാട്ടവീര്യം കാഴ്ചവെച്ച അപാരജിത് കേരളത്തിന് വിജയതുല്യമായ സമനില നേടിക്കൊടുക്കുകയായിരുന്നു. 70 പന്തുകള്‍ നേരിട്ട താരം 26 റണ്‍സ് നേടി. 35 പന്തുകള്‍ നേരിട്ട നാല് റണ്‍സ് മാത്രം നേടി പുറത്താവാതെ നിന്ന എം ഡി നിധീഷിന്റെ ഇന്നിംഗ്‌സും അവസാനനിമിഷങ്ങളിൽ കേരളത്തിന് സമനില സമ്മാനിക്കുന്നതിൽ നിർണായകമായി.
Content highlights: Ranji Trophy 2024-25: Kerala plays out thrilling draw against Madhya Pradesh