ഇതിഹാസമെന്നതൊക്കെ ശരി തന്നെ, പക്ഷേ, ​ഗാവസ്കർ ഇത്രയും കഠിനമായി വിമർശിക്കരുത്, BCCI ക്ക് പരാതിയുമായി രോഹിത്

ബിസിസിഐ ഒഫീഷ്യൽസുമായുള്ള മീറ്റിങ്ങിൽ രോഹിത്, ​ഗാവസ്കറുടെ ചില വിമർശനങ്ങൾ അതിരുകടന്നതായി സൂചിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

dot image

മുൻ ഇതിഹാസതാരവും കമന്റേറ്ററുമായ സുനിൽ ​ഗാവസ്കറിന്റെ വിമർശനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ രം​ഗത്ത്. ഈയിടെ രോഹിത്തിന്റെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഫോം ഔട്ട് മുൻനിർത്തി വിമർശനങ്ങളുമായി ​ഗാവസ്കർ രം​ഗത്തെത്തിയിരുന്നു. ബിസിസിഐ ഒഫീഷ്യൽസുമായുള്ള മീറ്റിങ്ങിൽ രോഹിത് ​ഗാവസ്കറുടെ ചില വിമർശനങ്ങൾ അതിരുകടന്നതായി സൂചിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഗാവസ്കറുടെ നെ​ഗറ്റീവ് കമന്റുകൾ കളിക്കാരുടെ മനോവീര്യം തകർക്കുന്നതായാണ് രോഹിത് പരാതിപ്പെട്ടത്. അത്തരം കമന്റുകൾ കളിക്കിടയിൽ മാനസികസമ്മർദം ഉണ്ടാക്കുന്നതായാണ് രോഹിത് അധികൃതർക്ക് നൽകിയ പരാതിയിലെന്നാണ് സൂചന.

ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിന് മുമ്പായി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും രോഹിത് ശർമയെ മാറ്റിയിരുന്നു. മോശം പ്രകടനമാണ് രോഹിത് ശർമയുടെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് തിരിച്ചടിയായത്. ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകളിൽ നിന്നായി 30 റൺസ് മാത്രമാണ് രോഹിത് ശർമയുടെ സമ്പാദ്യം. 2024ൽ 14 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ 619 റൺസ് മാത്രമാണ് നേടിയത്. മാർച്ചിൽ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശർമയുടെ അവസാന സെഞ്ച്വറി.

രോഹിത്തിന്റെ മോശം ഫോം തുടർന്നതോടെ ​ഗാവസ്കർ താരം വിരമിക്കമെന്ന് വരെ പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിന് പിരിഞ്ഞ ഇടവേളയില്‍ സംസാരിക്കവേയായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. 'ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേയ്ക്ക് ഇന്ത്യ യോഗ്യത നേടാന്‍ സാധ്യതയില്ല. എന്നെ സംബന്ധിച്ചിടത്തോളം മെല്‍ബണില്‍ രോഹിത് ശര്‍മ തന്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ചെന്നാണ് തോന്നുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ പദ്ധതികളില്‍ രോഹിത് ശര്‍മ ഇല്ല', ഗാവസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ഇതിനൊപ്പം വിരാട് കോഹ്ലിയേയും വിമർശിച്ച് ​ഗാവസ്കർ രം​ഗത്തെത്തിയിരുന്നു. 'വിരാടും രോഹിത്തും ഇതിഹാസ താരങ്ങളാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന ഇവരെ സീനിയര്‍ താരങ്ങളെന്ന പരിഗണനയിലാണ് ടീമില്‍ തുടരാന്‍ അനുവദിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമ്പോള്‍ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോകുന്നു, അതിനാൽ ഇരുവരും കളിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് കഴിവ് തെളിയിക്കണമെന്നായിരുന്നു ഗാവസ്‌കറുടെ പരാമർശങ്ങൾ.

അതേ സമയം രഞ്ജിയിൽ കളിക്കാനെത്തിയിട്ടും രോഹിത്തിന്റെ മോശം ഫോം തുടരുകയാണ്. മുംബൈയ്ക്കൊപ്പമുള്ള കഴിഞ്ഞ മത്സരത്തിലും രോഹിത് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. കാശ്മീരിനെതിരെ മുംബൈ പരാജയപ്പെട്ട മത്സരത്തിൽ ഓപണറായി ഇറങ്ങിയ രോഹിത് രണ്ടിന്നിങ്സിലും നിരാശ സമ്മാനിച്ചാണ് മടങ്ങിയത്.

content highlights: Rohit Sharma complains to BCCI against legendary Sunil Gavaskar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us