'ഇവിടെ മഞ്ഞ് തീരെ ഇല്ല'; ഹാരി ബ്രൂക്കിനെ പരിഹസിച്ച് സുനിൽ ഗാവസ്കറും രവി ശാസ്ത്രിയും

ഒന്നാം ട്വന്റി 20 മത്സരത്തിന് ശേഷം ഹാരി ബ്രൂക്കിന്റെ പ്രതികരണമാണ് മുൻ താരങ്ങളുടെ പരിഹാസത്തിന് കാരണമായത്

dot image

ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്കിനെ പരിഹസിച്ച് ഇന്ത്യൻ മുൻ താരങ്ങളും കമന്റേറ്റർമാരുമായ സുനിൽ ​ഗാവസ്കറും രവി ശാസ്ത്രിയും. ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിന് ശേഷം ഹാരി ബ്രൂക്കിന്റെ പ്രതികരണമാണ് മുൻ താരങ്ങളുടെ പരിഹാസത്തിന് കാരണമായത്. കൊൽക്കത്തയിൽ ഇം​ഗ്ലണ്ട് പരാജയപ്പെട്ടത് കനത്ത മഞ്ഞ് മൂലമാണെന്നും ചെന്നൈയിൽ ഈ പ്രശ്നം ഉണ്ടാകില്ലെന്നുമായിരുന്നു ബ്രൂക്കിന്റെ പ്രതികരണം. മഞ്ഞുള്ളപ്പോൾ സ്പിന്നിനെ കളിക്കുക പ്രയാസമാണെന്നും താൻ സ്പിന്നർമാരെ ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ബ്രൂക്ക് വ്യക്തമാക്കിയിരുന്നു.

മത്സരത്തിന് മുമ്പായി രവി ശാസ്ത്രിയാണ് ഈ വിഷയത്തിൽ ആദ്യം പ്രതികരിച്ചത്. ഹാരി ബ്രൂക്കിന് സന്തോഷവാർത്തയുണ്ടെന്നും ചെന്നൈയിൽ തീരെ മഞ്ഞ് ഇല്ലെന്നുമായിരുന്നു രവി ശാസ്ത്രി പ്രതികരിച്ചത്. പിന്നാലെ ഏഴാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റ് തെറിച്ച് ഹാരി ബ്രൂക്ക് പുറത്തായി. എട്ട് പന്തിൽ ഒരു ഫോറും ഒരു സിക്സും സഹിതം 13 റൺസുമായി ബ്രൂക്ക് പുറത്തായപ്പോഴാണ് സുനിൽ​ ​ഗാവസ്കറുടെ പ്രതികരണം ഉണ്ടായത്. ചെന്നൈയിൽ നല്ല വെളിച്ചമുണ്ടെന്നും ഇവിടെ തീരെ മഞ്ഞ് ഇല്ലെന്നുമായിരുന്നു ​ഗാവസ്കറുടെ വാക്കുകൾ.

മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇം​ഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 45 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇം​ഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്ന തിലക് വർമയുടെ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Content Highlights: Sunil Gavaskar, Ravi Shastri Roast Harry Brook After Varun Chakravarthy Scalps England Star

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us