അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമ. ട്വന്റി 20 ക്രിക്കറ്റിൽ വിക്കറ്റ് നഷ്ടമാകാതെ 300ലധികം റൺസ് നേടിയ ആദ്യ അന്താരാഷ്ട്ര താരമായിരിക്കുകയാണ് ഇന്ത്യൻ മധ്യനിര ബാറ്റർ. നാല് മത്സരങ്ങളിൽ നിന്നായി തിലക് പുറത്താകാതെ 318 റൺസാണ് നേടിയിരിക്കുന്നത്. രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു.
അഞ്ച് മത്സരങ്ങളിൽ നിന്ന് 271 റൺസ് നേടിയ ന്യൂസിലാൻഡ് ബാറ്റർ മാർക് ചാപ്മാന്റെ റെക്കോർഡാണ് തിലക് തിരുത്തിക്കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയുടെ വിജയത്തിന് കാരണമായതും തിലകിന്റെ പ്രകടനമാണ്. 55 പന്തിൽ 72 റൺസുമായി തിലക് പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.
മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. 45 റൺസെടുത്ത ജോസ് ബട്ലറാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ. മറുപടി പറഞ്ഞ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Content Highlights: Tilak Varma Scripts History, First Time In T20I Cricket