ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വർമയിലെ പ്രതിഭയെക്കുറിച്ച് മുൻ ഇന്ത്യൻ നായകനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ മുൻപേ പറഞ്ഞിരുന്നതായി ഓർമപ്പെടുത്തി പാകിസ്താൻ മുൻ താരം ബാസിത് അലി രംഗത്ത്.
ഒരിക്കൽ താൻ അസ്ഹറുദ്ദീനെ ഇന്റർവ്യു ചെയ്തിരുന്നു. അന്ന് അസ്ഹർ പറഞ്ഞു, തിലക് വർമ എന്നൊരു താരമുണ്ട്. അയാൾ കളിക്കുന്നത് കണ്ടോളൂ, അവൻ ഭാവിയിലെ ഇന്ത്യൻ താരമാണ്. അന്ന് തിലക് ഐപിഎല്ലിൽ മാത്രം കളിക്കുന്ന താരമായിരുന്നു. ഇപ്പോൾ ഇതാ, അസ്ഹറിന്റെ വാക്കുകൾ സത്യമായിരിക്കുകയാണ്. ബാസിത് അലി പറഞ്ഞത് ഇങ്ങനെ.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിൽ 55 പന്തിൽ 72 റൺസുമായി തിലക് പുറത്താകാതെ നിന്ന് ഇന്ത്യയെ തോൽവിയുടെ വക്കിൽ നിന്നും വിജയത്തിലെത്തിച്ചിരുന്നു. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്. ഇന്ത്യയുടെ വിജയത്തിന് കാരണമായതും തിലകിന്റെ പ്രകടനമാണ്. മത്സരത്തിൽ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടിയിൽ ഇന്ത്യ 19.2 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഇന്ത്യയ്ക്കായി കഴിഞ്ഞ നാല് ടി20 മത്സരങ്ങളിൽ നിന്ന് 318 റൺസാണ് തിലക് അടിച്ചെടുത്തത്. ഈ മത്സരങ്ങളിലെ തിലകിന്റെ വിക്കറ്റെടുക്കാൻ എതിരാളികൾക്ക് കഴിഞ്ഞതുമില്ല. രണ്ട് സെഞ്ച്വറി നേട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു.
Content Highlights: Basit Ali remembers Mohammad Azharuddin’s words of appreciation for Tilak Varma