ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യിലും ജോഫ്ര ആർച്ചറിന് മുന്നിൽ വീണ് സഞ്ജു. ആറ് പന്തുകളിൽ മൂന്ന് റൺസ് മാത്രം നേടിയ സഞ്ജു ആർച്ചറിന്റെ പന്തിൽ ആദിൽ റാഷിദിന് ക്യാച് നൽകി മടങ്ങി. കഴിഞ്ഞ രണ്ട് മത്സരത്തിലും ആർച്ചറുടെ ഷോർട്ട് ബോളിലാണ് താരം പുറത്തായിരുന്നത്. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി. രണ്ടാം ട്വന്റി 20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
താരത്തിന് 140 ന് മുകളിലുള്ള പന്തുകളെ നേരിടാൻ കഴിവില്ലെന്ന് പറഞ്ഞ് മുൻ താരം ആകാശ് ചോപ്ര അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതോടെ മൂന്നാം മത്സരത്തിന് മുന്നോടിയായി താരം പ്രത്യേക പരിശീലനവും നടത്തി. ഷോർട്ട് ബോളുകൾ നേരിടാൻ സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകളിൽ സഞ്ജു പ്രത്യേക പരിശീലനം നേടി. വേഗമുള്ള പന്തുകളെ നേരിടാനാണ് സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകൾ താരം നേരിട്ടത്.
അതേ സമയം മൂന്നാം ടി 20 മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി വരുൺ ചക്രവർത്തി തിളങ്ങി. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 171 റൺസ് നേടി. ബെൻ ഡക്കറ്റ് തകർപ്പൻ ഫിഫ്റ്റിയുമായി കളം നിറഞ്ഞു. 28 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 51 റൺസാണ് താരം നേടിയത്. ലിവിങ്സ്റ്റൺ 24 പന്തിൽ 43 റൺസ് നേടി. അഞ്ച് സിക്സറുകളും ഒരു ഫോറും ഇതിൽ ഉൾപ്പെടുന്നു. മറുപടി ബാറ്റിങിൽ 5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 50 കടന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരവും വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര വിജയം സ്വന്തമാക്കാൻ കഴിയും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ യുവനിര മികച്ച ഫോമിലാണെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Sanju Samson fail again in front of jofra archer, india vs england 3rd t20