ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യ്ക്ക് മുമ്പായി ഓപണിങ് ബാറ്റർ സഞ്ജു സാംസണ് പ്രത്യേക പരിശീലനം. ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും സഞ്ജുവിന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ നന്നായി തുടങ്ങിയ ശേഷം 26 റൺസെടുത്ത് പുറത്തായി. രണ്ടാം ട്വന്റി 20യിൽ അഞ്ച് റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. രണ്ട് മത്സരത്തിലും ജൊഫ്ര ആർച്ചറുടെ ഷോർട്ട് ബോളിലാണ് താരം പുറത്തായതെന്നതാണ് ഇന്ത്യൻ ക്യാംപിലെ ആശങ്ക.
ഷോർട്ട് ബോളുകൾ നേരിടാൻ സിമന്റ് പിച്ചുകളിൽ പ്ലാസ്റ്റിക് പന്തുകളിൽ സഞ്ജുവിന് പ്രത്യേക പരിശീലനം നൽകി. 45 മിനിറ്റാണ് സഞ്ജു പരിശീലനം നടത്തിയത്. പിന്നാലെ 30 മിനിറ്റ് നെറ്റ്സിലും താരം ബാറ്റിങ് പരിശീലനം നടത്തി. കൂടുതലായും കുത്തി ഉയർന്നുവരുന്ന പന്തിൽ പുള്‍, ഹുക്ക്, കട്ട്, റാംപ് ഷോട്ടുകൾ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരവും വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര വിജയം സ്വന്തമാക്കാൻ കഴിയും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യൻ യുവനിര മികച്ച ഫോമിലാണെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlights: Sanju Samson's unique 'plastic ball' training session in Rajkot to counter Jofra Archer threat