ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്ബായി ഇറക്കിയത് ശരിയോ തെറ്റോ?; ഇന്ത്യൻ വിജയത്തിന് പിന്നാലെ വിവാദം

ശിവം ദുബെയ്ക്ക് പകരക്കാരനായി ഇറക്കേണ്ട ആളായിരുന്നില്ല ഹര്‍ഷിത് റാണയെന്നാണ് കമന്ററിക്കിടെ മുൻ ഇംഗ്ലീഷ് നായകൻ കെവിൻ പീറ്റേഴ്‌സണ്‍ പറഞ്ഞത്.

dot image

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ വിജയമുറപ്പിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പൂനെയില്‍ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ 15 റണ്‍സിനാണ് ഇന്ത്യ വിജയമുറപ്പിച്ചത്. വിജയത്തിന് പിന്നാലെ പുതിയ വിവാദവും ഉടലെടുത്തിരിക്കുകയാണ്. യുവപേസർ ഹർഷിത് റാണയെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കിയതിനെ ചുറ്റിപ്പറ്റിയാണ് വിവാദം.

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരമാണ് റാണ ഇറങ്ങിയത്.

ശിവം ദുബെയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെ അനുവദിച്ചതിനെതിരെയാണ് ഇപ്പോൾ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തീരുമാനത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറും മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണും അടക്കമുള്ളവർ മാച്ച് ഒഫീഷ്യലുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ശിവം ദുബെയ്ക്ക് പകരക്കാരനായി ഇറക്കേണ്ട ആളായിരുന്നില്ല ഹര്‍ഷിത് റാണയെന്നാണ് കമന്ററിക്കിടെ പീറ്റേഴ്‌സണ്‍ പറഞ്ഞത്.

'ഒരിക്കലും ശിവം ദുബെയുടെ പകരക്കാരനായി ഹര്‍ഷിത് റാണയെ ഇറക്കാന്‍ പാടില്ലായിരുന്നു. ആരോട് ചോദിച്ചാലും അവരും അതുതന്നെ പറയും. ദുബെ ഒരു യഥാര്‍ത്ഥ പേസറല്ല. പക്ഷേ റാണ ജെനുവിന്‍ പേസറാണ്', പീറ്റേഴ്‌സണ്‍ പറഞ്ഞു. മത്സരത്തിന് ശേഷം ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരശേഷം ഇംഗ്ലീഷ് നായകൻ ജോസ് ബട്ലറും റാണയെ പകരക്കാരനായി ഇറക്കിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ചു രംഗത്തെത്തി.

ദുബെയ്ക്ക് പന്തേറ് കിട്ടിയതിനു ശേഷവും അദ്ദേഹം ബാറ്റ് ചെയ്തിരുന്നു. പിന്നീട് ഇന്ത്യ ഫീൽഡിനിറങ്ങിയപ്പോഴാണ് റാണ പകരക്കാരനായി ഇറങ്ങിയതും മികച്ച പന്തുകളോടെ ഇന്ത്യയുടെ വിജയത്തിൽ നിർണായകശക്തിയാതും. ഇപ്പോൾ ഇന്ത്യയുടെ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യ ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഇപ്പോൾ ഉണ്ട്.

നിയമപ്രകാരം മത്സരത്തിനിടെ ഒരു കളിക്കാരന് തലയ്ക്ക് പരിക്ക് സംഭവിച്ചാല്‍ മറ്റൊരു താരത്തിനെ പകരമിറക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. ഈ നിയമമാണ് ഇന്ത്യ ഇവിടെ ഉപയോഗിച്ചത്. ഇതോടെ കണ്‍ക്കഷന്‍ സബ്ബായി ഹര്‍ഷിത് റാണ ഇറങ്ങുകയും ചെയ്തു. ഹർഷിത് റാണയുടെ ആദ്യ ടി20 മത്സരം കൂടിയായിരുന്നു ഇത്.

Content Highlights: Controversial Concussion Substitution Sees Harshit Rana Replace Shivam Dube vs England, Internet Reacts

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us