കൈപ്പിടിയില്‍ സീരീസ്; നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ജയം

ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു

dot image

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടി20 മത്സരത്തില്‍ ത്രില്ലര്‍ വിജയം നേടിയാണ് സൂര്യകുമാര്‍ യാദവും സംഘവും പരമ്പര ഉറപ്പിച്ചത്. പൂനെയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. 182 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ഇംഗ്ലീഷ് പടയെ 19.4 ഓവറില്‍ 166 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇതോടെ ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഹര്‍ഷിത് റാണ കണ്‍കഷന്‍ സബ്ബായിട്ടാണ് ടീമിലെത്തിയത്. ബാറ്റുചെയ്യുന്നതിനിടെ പരിക്കുപറ്റിയ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരമാണ് റാണ ഇറങ്ങിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ശിവം ദുബെയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇരുതാരങ്ങളും 53 റണ്‍സെടുത്ത് പുറത്തായി. ഓപണര്‍ അഭിഷേക് ശര്‍മയും (30) റിങ്കു സിങ്ങും (29) നിര്‍ണായക സംഭാവനകള്‍ നല്‍കി. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും (1) ക്യാപ്റ്റന്‍ സൂര്യകുകുമാര്‍ യാദവും (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന് വേണ്ടി സാക്കിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ട്- ബെന്‍ ഡക്കറ്റ് സഖ്യം ചേര്‍ന്ന് പവര്‍പ്ലേയില്‍ 62 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട തകര്‍ന്നത്. ബെന്‍ ഡക്കറ്റിനെ (39) പുറത്താക്കി രവി ബിഷ്ണോയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്.

പിന്നാലെ സാള്‍ട്ടും (23) ക്യാപ്റ്റന്‍ ജോസ് ബട്ലറും (2) മടങ്ങിയതോടെ മൂന്നിന് 67 എന്ന നിലയിലായി ഇംഗ്ലണ്ട്. അര്‍ധ സെഞ്ച്വറി നേടി ഹാരി ബ്രൂക്ക് (51) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. ലിയാം ലിവിംഗ്സ്റ്റണ്‍ (9), ജേക്കബ് ബേത്തല്‍ (6), ബ്രൈഡണ്‍ കാര്‍സെ (0) എന്നിവര്‍ അതിവേഗം മടങ്ങി.

ഹാരി ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. എന്നാല്‍ 15 പന്തില്‍ ഓരോ സിക്സും ബൗണ്ടറിയും പറത്തി 19 റണ്‍സുമായി ജാമി ഓവര്‍ട്ടന്‍ പൊരുതിയത് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഓവര്‍ടനെ ക്ലീന്‍ ബൗള്‍ഡാക്കി ഹര്‍ഷിത് റാണ വെല്ലുവിളി അവസാനിപ്പിച്ചു. അവസാന ഓവറിന്റെ നാലാം പന്തില്‍ സാഖിബ് മഹ്‌മൂദിനെ പുറത്താക്കി രണ്ട് പന്ത് ശേഷിക്കെ അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

Content Highlights: India vs England, 4th T20I: IND beat ENG by 15 runs to win series 3-1 in Pune

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us