ബാറ്റിങ്ങിനിറങ്ങുമ്പോൾ ചവയ്ക്കുന്ന ബബിൾ​ഗത്തിന്റെ മധുരം പോലും ഇതിലും നീണ്ടുനിൽക്കും!, ഏഴാമതും ഫ്ലോപ്പായി സൂര്യ

കഴിഞ്ഞ ഏഴ് ടി20 അന്താരാഷ്ട്ര ഇന്നിങ്സുകളിലായി 21, 4, 1, 0, 12, 14, 0 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോർ.

dot image

ക്യാപ്റ്റനായതിനു ശേഷം വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന സൂര്യകുമാർ യാദവിനെയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയിലും ഇതിനു മുമ്പത്തെ പരമ്പരയിലും നിരാശപ്പെടുത്തിയ സൂര്യയുടെ ബാറ്റിങ് ഫോം ഇപ്പോഴും അതേ അവസ്ഥയിലാണ്.

കഴിഞ്ഞ ഏഴ് ടി20 അന്താരാഷ്ട്ര ഇന്നിങ്സുകളിലായി 21, 4, 1, 0, 12, 14, 0 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോർ. ഇടയ്ക്ക് കഴിഞ്ഞ പരമ്പരയിൽ തിലകിനു വേണ്ടി തന്റെ മൂന്നാം സ്ഥാനം ഒഴിഞ്ഞുകൊടുത്ത സൂര്യയെ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ ആ ബാറ്റിങ് ഓർഡർ മാറ്റമടക്കം സൂര്യയെ വല്ലാതെ അലട്ടുന്നു എന്ന് തന്നെ വേണം കരുതാൻ. നിർണായകമായ നാലം ടി20 യിൽ പൂജ്യനായാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയത്. ഇതിനു ശേഷം സൂര്യയുടെ ഫോമിനെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. സൂര്യ ബാറ്റിങ്ങിനിറങ്ങുമ്പോൾ ചവയ്ക്കുന്ന ബബിൾ​ഗത്തിന്റെ മധുരത്തിനു പോലും ആ ഇന്നിങ്സിനേക്കാൾ നിലനിൽപുണ്ട് എന്ന തരത്തിലാണ് ചില ട്രോളുകൾ.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപണറായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍, വണ്‍ഡൗണായി എത്തിയ തിലക് വർമ, ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് പേരെയും സാക്കിബ് മഹ്മൂദാണ് പുറത്താക്കിയത്. ഇക്കുറിയെങ്കിലും പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കരുതിയിരുന്നെങ്കിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് സഞ്ജുവിനെ നഷ്ടമായി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയെ ഡക്കാക്കി സാക്കിബ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തുകള്‍ നേരിട്ട് മടങ്ങി. സാക്കിബ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബ്രൈഡണ്‍ കാര്‍സെയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് ഒത്തു ചേർന്ന ശിവം ദൂബെ, ഹാർദിക് എന്നിവരുടെ അർധസെഞ്ച്വറികളും റിങ്കു സിങ്ങിന്റെ 30 റൺസ് എന്നിവയാണ് ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസിലെത്തിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരയിൽ രണ്ടാം പൂജ്യത്തിനാണ് സൂര്യ ഇന്ന് പുറത്തായത്. 2024 ലെ ട്വന്റി 20 ലോകകപ്പിനു ശേഷം സൂര്യ 13 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 19.69 ശരാശരിയില്‍ വെറും 256 റണ്‍സാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് കളികളില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 26.81 ശരാശരിയില്‍ 429 റണ്‍സാണ് താരത്തിനു നേടാന്‍ സാധിച്ചത്. 2022, 23 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ല്‍ 31 ഇന്നിങ്‌സുകളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്‌ട്രൈക് റേറ്റിലും സൂര്യ അടിച്ചുകൂട്ടിയത് 1164 റണ്‍സ് ആണ്. 2023 ല്‍ ആകട്ടെ 23 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സെടുത്തിട്ടുമുണ്ട്. ആ സൂര്യയാണ് ഇപ്പോൾ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നത്.

content highlights: indian skipper suryakumar yadav poor form continues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us