ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവമായി സംഭവിക്കുന്ന റെക്കോർഡിന് ഉടമയായി ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. ഒറ്റ സെഷനിൽ തന്നെ ശ്രീലങ്കൻ ബാറ്റർ ദിനേശ് ചാന്ദിമലിനെ രണ്ട് തവണ പുറത്താക്കിയെന്ന റെക്കോർഡാണ് ലിയോൺ സ്വന്തമാക്കിയത്. ശ്രീലങ്കയും ഓസ്ട്രേലിയും തമ്മിലുള്ള ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ ആദ്യ ഇന്നിംഗ്സിലാണ് സംഭവം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 654 റൺസെടുത്തിരുന്നു. 232 റൺസെടുത്ത ഉസ്മാൻ ഖ്വാജ, 141 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 102 റൺസെടുത്ത ജോഷ് ഇൻഗ്ലീസ് എന്നിവരാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്. പിന്നാലെ ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 165 റൺസിൽ ഓൾഔട്ടായി. 72 റൺസെടുത്ത ദിനേശ് ചാന്ദിമൽ മാത്രമാണ് ലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
മൂന്നാം ദിവസം രാവിലെ 10.13നാണ് ചാന്ദിമലിനെ ലിയോൺ ആദ്യം പുറത്താക്കിയത്. 489 റൺസിന് ഒന്നാം ഇന്നിംഗ്സിൽ പിന്നിലായതോടെ ഓസീസ് ലങ്കയെ ഫോളോ ഓണിന് അയച്ചു. രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 247 റൺസെടുത്ത് കീഴടങ്ങി. ഈ ഇന്നിംഗ്സിൽ 31 റൺസെടുത്ത ചാന്ദിമലിനെ 12.03ന് ലിയോൺ പുറത്താക്കി. മത്സരത്തിൽ ഇന്നിംഗ്സിനും 242 റൺസിനും ഓസ്ട്രേലിയ വിജയിച്ചു.
Content Highlights: Nathan Lyon dismisses Dinesh Chandimal twice in same session