ഇന്ത്യയ്ക്കായി ചാംപ്യൻസ് ട്രോഫി സ്വന്തമാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനൊപ്പം എത്രയും വേഗം ഒന്നിക്കണം. ആ കിരീടം സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കി. അത് അവിസ്മരണീയമായിരുന്നു. ഇനി മുന്നിലുള്ളത് ചാംപ്യൻസ് ട്രോഫിയെന്ന ചാലഞ്ചാണ്. ബിസിസിഐ വാർഷിക പുരസ്കാര ദാന വേദിയിൽ രോഹിത് പ്രതികരിച്ചു.
പാകിസ്താനെതിരെ നടക്കുന്നത് മറ്റൊരു മത്സരം മാത്രമാണെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിലായി പാകിസ്താനെതിരെ കളിക്കുന്നു. ഇന്ത്യൻ ടീമിന് ഇതൊരു മത്സരം മാത്രമാണ്. ഏതൊരു ടീമിനെ നേരിടുന്നതിന് സമാനമായ തയ്യാറെടുപ്പുകൾ മാത്രമാണ് പാകിസ്താനെതിരെ മത്സരത്തിന് മുമ്പും ഉണ്ടാകുക. രോഹിത് ശർമ വ്യക്തമാക്കി.
ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുക. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 23നാണ് പാകിസ്താനെ ഇന്ത്യ നേരിടുക. ന്യൂസിലാൻഡാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ മറ്റൊരു എതിരാളി.
Content Highlights: Rohit Sharma mentions Champions Trophy challenge after t20 world cup victory