ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇന്നിംഗ്സ് തോൽവി നേരിട്ട് ശ്രീലങ്കൻ ക്രിക്കറ്റ്. ഇന്നിംഗ്സിനും 242 റൺസിനുമാണ് ശ്രീലങ്ക ഓസ്ട്രേലിയയോട് ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടത്. 2017ൽ ഇന്ത്യയോടായിരുന്നു ഇതിന് മുമ്പ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇന്നിംഗ്സ് തോൽവി നേരിട്ടത്. ഇന്നിംഗ്സിനും 239 റൺസിനുമായിരുന്നു അന്ന് ലങ്കൻ നിരയുടെ തോൽവി. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലെത്തി.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ഓസ്ട്രേലിയ വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 654 റൺസെടുത്തിരുന്നു. 232 റൺസെടുത്ത ഉസ്മാൻ ഖ്വാജ, 141 റൺസെടുത്ത സ്റ്റീവ് സ്മിത്ത്, 102 റൺസെടുത്ത ജോഷ് ഇൻഗ്ലീസ് എന്നിവരാണ് ഓസീസിനെ മികച്ച സ്കോറിലെത്തിച്ചത്.
ആദ്യ ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 165 റൺസിൽ ഓൾഔട്ടായി. 72 റൺസെടുത്ത ദിനേശ് ചാന്ദിമൽ മാത്രമാണ് ലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഓസ്ട്രേലിയയ്ക്കായി മാത്യു കുന്നെമാൻ അഞ്ച് വിക്കറ്റെടുത്തു. 489 റൺസിന് ഒന്നാം ഇന്നിംഗ്സിൽ പിന്നിലായതോടെ ഓസീസ് ലങ്കയെ ഫോളോ ഓണിന് അയച്ചു.
രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക 247 റൺസെടുത്ത് കീഴടങ്ങി. 53 റൺസെടുത്ത ജെഫ്രി വാൻഡർസേയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ. ഓസ്ട്രേലിയയ്ക്കായി നഥാൻ ലിയോണും മാത്യു കുന്നെമാനും നാല് വീതം വിക്കറ്റുകളെടുത്തു.
Content Highlights: Sri Lanka suffers its biggest defeat in Test history, loses to Australia