
രഞ്ജി ട്രോഫി ക്രിക്കറ്റിൽ നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ കോഹ്‌ലിയെ പുറത്താക്കിയ റെയിൽവേസ് പേസർ ഹിമാന്‍ഷു സാംഗ്വാന് നേരെ കോഹ്‌ലി ആരാധകരുടെ സൈബർ ആക്രമണം. വിക്കറ്റ് നേടിയതിൽ മാത്രമല്ല, ശേഷമുള്ള ആഘോഷത്തിലും അതിരുകടന്നെന്ന മട്ടിൽ താരത്തിന് നേരേയും താരത്തിന്റെ കുടുംബത്തിന് നേരെയും അധിക്ഷേപങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഹിമാന്‍ഷു ഇതിന് പ്രതികരണവുമായി രംഗത്തെത്തി.
കോഹ്‌ലി തനിക്ക് ഗുരുതുല്യനെന്നും വിക്കറ്റ് നേടിയതില്‍ അഭിമാനം മാത്രമെന്നും ഹിമാന്‍ഷു പറഞ്ഞു. തനിക്കും കുടുംബത്തിനും എതിരെ വിദ്വേഷം പുലര്‍ത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റാണിത്. അത് കൊണ്ടാണ് ഞാൻ അത് ആഘോഷിച്ചത്. രാജ്യത്തുള്ള യുവതാരങ്ങള്‍ക്ക് പ്രചോദനമാണ് കോഹ്‌ലി. ആർക്കെങ്കിലും തന്റെ പ്രതികരണം കൊണ്ട് വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു', ഹിമാന്‍ഷു കൂട്ടിച്ചേർത്തത് ഇങ്ങനെ.
റെയില്‍വേസിനെതിരെ ഡല്‍ഹിക്ക് വേണ്ടി കളിക്കാനെത്തിയ കോഹ്‌ലി കേവലം ആറ് റണ്‍സിനാണ് പുറത്തായത്. ഒരു ഫോർ നേടി താരം പ്രതീക്ഷ നൽകിയെങ്കിലും ഹിമാൻഷു സാംഗ്വാന്റെ പന്തിൽ വിരാട് ക്ളീൻ ബൗൾഡാവുകയായിരുന്നു. ഇതോടെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിൽ തിങ്ങിക്കൂടിയ ആരാധകരും നിരാശരായി.
ഡൽഹിയുടെ ജൂനിയർ ടീമിന് വേണ്ടി കളിച്ചുതുടങ്ങിയ ഹിമാന്‍ഷു 2019 സെപ്തംബറിൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് അരങ്ങേറുന്നത്. അതേ വർഷം നവംബറിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടി 20 യിലും ഡിസംബറിൽ രഞ്ജി ട്രോഫിയിലൂടെ ടെസ്റ്റിലും അരങ്ങേറി.
ഡൽഹിക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് 23 രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് 77 ഫസ്റ്റ് ക്ലാസ് വിക്കറ്റുകളും 17 മത്സരങ്ങളിൽ നിന്ന് 21 ലിസ്റ്റ് എ വിക്കറ്റുകളും ഏഴ് മത്സരങ്ങളിൽ നിന്ന് 5 ടി20 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ സൂപ്പർ താരം കോഹ്‌ലിയുടെ വിക്കറ്റ് നേടിയതോടെ താരം ഇപ്പോൾ രാജ്യാന്തര ശ്രദ്ധ നേടിയിരിക്കുയാണ്.
Content Highlights: himanshu sangwan reaction on cyber attack after he dismissed star batter virat kohli