നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാമ്പ്യൻസ് ട്രോഫിക്കും മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ രഞ്ജിയിലേക്ക് തിരിച്ചെത്തിയെങ്കിലും മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാൻ സൂപ്പർ താരത്തിനായിരുന്നില്ല. ഇതിനുപിന്നാലെ കോഹ്‌ലിയുടെ ഫോമിനെച്ചൊല്ലി വിമർശനങ്ങളും ഉയരുന്നുണ്ട്.
എന്നാല്‍ കോഹ്‌ലിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു. കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹത്തെ അനാവശ്യമായി വിമർശിക്കരുതെന്നും റായുഡു ആരാധകരോട് അഭ്യർത്ഥിച്ചു. കോഹ്‌ലിയുടെ ബാറ്റിങ് ടെക്നിക്കുകളിൽ ഒരു പരിഷ്‌കരണത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
'കോഹ്ലിക്ക് ഇപ്പോൾ രഞ്ജി ട്രോഫി കളിക്കേണ്ട ആവശ്യമില്ല. 81 സെഞ്ച്വറികള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് സാങ്കേതികത മികച്ചതാണ്. അത് മുന്നോട്ട് പോകുമ്പോഴും അങ്ങനെ തന്നെയായിരിക്കും. എന്തെങ്കിലും ചെയ്യാനായി അദ്ദേഹത്തെ ആരും നിർബന്ധിക്കരുത്. എല്ലാം പഴയതുപോലെയാകാൻ അദ്ദേഹത്തിന് സമയം ആവശ്യമാണ്. അദ്ദേഹത്തിനുള്ളിലെ സ്പാർക്ക് തനിയെ ജ്വലിക്കും. എല്ലാത്തിനുമുപരി അദ്ദേഹത്തെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഏറ്റവും പ്രധാനമായി കോഹ്ലിയെ വെറുതെ വിടുക,' റായിഡു എക്സിൽ കുറിച്ചത് ഇങ്ങനെ.
Right now Virat Kohli dsnt need Ranji.His technique was good for 81 hundreds nd it will be good going forward as https://t.co/74HewkmLjd one shud force him into forcing himself for anything.He needs time to feel good about everything again.The spark within will ignite on its…
— ATR (@RayuduAmbati) February 1, 2025
അതേസമയം രഞ്ജി ട്രോഫി ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഡൽഹിക്കായി റെയിൽവേസിനെതിരെ ഒന്നാം ഇന്നിങ്സിൽ കോഹ്ലിക്ക് നേടാനായത് ആറ് റൺസ് മാത്രമായിരുന്നു. റെയിൽവേസിന്റെ പേസർ ഹിമാന്‍ഷു സംഗ്വാന്‍ കോഹ്ലിയെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. 15 പന്തുകളാണ് റെയിൽവേസിന് എതിരെ കോഹ്ലി നേരിട്ടത്. അതിൽ ഹിമാൻഷുവിനെതിരെ മനോഹരമായ കവർ ഡ്രൈവ് വിരാട് കളിച്ചിരുന്നു. ഈ ഷോട്ടിന് സമാനമായ രീതിയിൽ കളിക്കാൻ ശ്രമിച്ചപ്പോഴാണ് വിക്കറ്റ് വീണത്.
Content Highlights: ‘Virat Kohli doesn't need Ranji Trophy right now’: Ambati Rayudu urges fans to ‘leave him alone’