പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ് ബംഗാൾ താരവും ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്ററുമായ വൃദ്ധിമാൻ സാഹ. പിന്നാലെ താൻ കളിച്ചതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യം നേരിട്ടിരിക്കുകയാണ് താരം. ബംഗാൾ ക്രിക്കറ്റിൽ സൗരവ് ഗാംഗുലിയുടെയും ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‍ലി എന്നിവരുടെ കീഴിലും സാഹ കളിച്ചിട്ടുണ്ട്. മൂന്ന് പേരും മികച്ച ക്യാപ്റ്റന്മാരാണെന്നാണ് സാഹയുടെ വാക്കുകൾ.
വിരാട് കോഹ്‍ലിക്ക് കീഴിൽ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു താരം ഏത് ക്യാപ്റ്റന്റെ കീഴിൽ കളിക്കുന്നുവോ അവരെ ഇഷ്ടപ്പെടും. വിരാട് ഓരോ ദിവസവും മെച്ചപ്പെട്ട ക്യാപ്റ്റനായി മാറിക്കൊണ്ടിരുന്നു. ധോണി വളരെ ശാന്തനായിരുന്നു. സൗരവ് ഗാംഗുലിക്ക് മത്സരം മനസിലാക്കാനുള്ള വലിയ കഴിവുണ്ട്. ഇവരെ എല്ലാവരെയും ഇഷ്ടമാണ്. സാഹ പ്രതികരിച്ചു.
സമീപകാലത്തെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ചും സാഹ സംസാരിച്ചു. ഈ തിരിച്ചടികൾ സ്വഭാവികമായി സംഭവിക്കുന്നതാണ്. ലോക ക്രിക്കറ്റിൽ ഇന്ത്യ എപ്പോഴും മുൻ നിരയിലുണ്ട്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും ലോകോത്തര താരങ്ങളാണ്. അവർ തീർച്ചയായും തിരിച്ചുവരും. ഇന്ത്യൻ പരിശീലകൻ എന്നത് ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്. ശക്തമായി തിരിച്ചുവരുന്നതാണ് ഗംഭീറിന്റെ ശൈലി. തീർച്ചയായും ഗംഭീർ തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുണ്ട്. സാഹ വ്യക്തമാക്കി.
Content Highlights: Wriddhiman Saha on his favourite Captain