പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തോടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ് ബംഗാൾ താരവും ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്ററുമായ വൃദ്ധിമാൻ സാഹ. ഈ അവസരത്തിൽ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കിയതിനെക്കുറിച്ചും സാഹ സംസാരിച്ചു. ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കുമെന്ന് മാനേജ്മെന്റ് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. ഇന്ത്യയ്ക്കായി രണ്ട്, മൂന്ന് വർഷങ്ങൾ കൂടി കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ദീർഘകാലം കളിക്കുന്ന മറ്റ് താരങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യൻ ടീമിന്റെ തീരുമാനം. ഇതോടെ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. സാഹ പ്രതികരിച്ചു.
ക്രിക്കറ്റ് ഒരുപാട് ആസ്വദിച്ചു. ടീമിലെ എല്ലാവരെയും സഹായിക്കാൻ ശ്രമിച്ചു. കരിയറിൽ ഉയർച്ചയും താഴ്ചകളും ഉണ്ടാകും. എല്ലാം എല്ലായ്പ്പോഴും ഓർക്കും. സാഹ വ്യക്തമാക്കി.
2007ലാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി സാഹ അരങ്ങേറ്റം കുറിച്ചത്. 2010ൽ ഇന്ത്യൻ ദേശീയ ടീമിലെത്തി. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസ താരം ടീമിലുള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ച് ആലോചിച്ചിരുന്നില്ല. 2014ൽ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതോടെയാണ് സാഹ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമായി മാറിയത്. 2021ൽ ന്യൂസിലാൻഡിനെതിരെ വാങ്കഡെയിൽ അവസാന മത്സരം കളിച്ചു. 11 വർഷം നീണ്ട കരിയറിൽ 40 ടെസ്റ്റുകളും ഒമ്പത് ഏകദിനങ്ങളും മാത്രമാണ് ഇന്ത്യൻ ടീമിൽ സാഹയ്ക്ക് കളിക്കാനായത്.
ടെസ്റ്റ് ക്രിക്കറ്റിൽ 53 ഇന്നിംഗ്സുകളിൽ നിന്നായി 1,353 റൺസാണ് സാഹയുടെ സമ്പാദ്യം. ബാറ്ററായി അധികം തിളങ്ങാൻ സാധിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ സാഹയുടെ മികവ് ഏറെ ശ്രദ്ധേയമായിരുന്നു. 2017ൽ ഓസ്ട്രേലിയൻ താരം സ്റ്റീഫൻ ഒകീഫിയെ പിടികൂടാനായി സാഹ നടത്തിയ സാഹസിക ഡൈവ് ഇന്നും ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ 170 മത്സരങ്ങളിൽ സാഹ കളത്തിലെത്തി. അഞ്ച് വ്യത്യസ്ത ടീമുകൾക്കായി കളിച്ചു. 2008ലെ ആദ്യ പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായി സാഹ കളി തുടങ്ങി. പിന്നെ ചെന്നൈ സൂപ്പർ കിങ്സിലും പഞ്ചാബ് കിങ്സിലും സൺറൈസേഴ്സ് ഹൈദരാബാദിലും കളിച്ചു. കഴിഞ്ഞ സീസൺ വരെയും ഗുജറാത്ത് ടൈറ്റൻസിന്റെ താരമായി കളി തുടർന്നു. 2011ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും 2022ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ ചാംപ്യനായി.
ഐപിഎല്ലിന്റെ അടുത്ത സീസണിന് മുമ്പായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഗുജറാത്ത് നിരയിൽ വൃദ്ധിമാൻ സാഹയ്ക്ക് ഇടമില്ല. ഇനിയൊരിക്കൽ കൂടി ഐപിഎൽ ലേലത്തിനായി പോകേണ്ടതില്ലെന്ന് 40കാരനായ സാഹ തീരുമാനിച്ചു. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും സാഹ വിരമിക്കൽ പ്രഖ്യാപിച്ചു.
രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ് സാഹ തന്റെ അവസാന മത്സരം കളിച്ചത്. സൗരവ് ഗാംഗുലിയുടെ നിർദ്ദേശ പ്രകാരം ഈ സീസൺ രഞ്ജി ട്രോഫിക്ക് മുമ്പായാണ് സാഹ ബംഗാൾ ക്രിക്കറ്റിലേക്ക് മടങ്ങിവന്നത്. 2022ൽ ബംഗാൾ വിട്ട് സാഹ ത്രിപുര ക്രിക്കറ്റിലേക്ക് നീങ്ങിയിരുന്നു. താരമായും ഉപദേശകനായും ത്രിപുര ക്രിക്കറ്റിൽ നിൽക്കവെ സൗരവ് ഗാംഗുലിയുടെ അഭ്യർത്ഥനയെത്തി- 'അവസാന മത്സരം ബംഗാളിനായി കളിക്കണം' എന്നായിരുന്നു അഭ്യര്‍ത്ഥന.
പിന്നാലെ ത്രിപുര വിട്ട് സാഹ ബംഗാളിലെത്തിയതോടെ അയാളുടെ വിരമിക്കൽ ദിനങ്ങൾ അടുത്തെന്ന് എല്ലാവരും മനസിലാക്കി. ഒടുവിൽ ആ പ്രഖ്യാപനമെത്തി. 'വിരമിക്കുന്നതിന് മുമ്പായി രഞ്ജി ട്രോഫിയിൽ ബംഗാളിനായി അവസാന മത്സരം കളിക്കുന്നു. നമുക്ക് ഈ രഞ്ജി സീസൺ ഓർമയിൽ സൂക്ഷിക്കാം' എന്നായിരുന്നു വൃദ്ധിമാൻ സാഹ അന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Content Highlights: Wriddhiman Saha on 2021 India omission