'എന്റെ ജീവിതകാലം മുഴുവനുമായി നേടിയ സിക്‌സറിനേക്കാള്‍ കൂടുതല്‍ എണ്ണം അഭിഷേക് രണ്ട് മണിക്കൂറില്‍ അടിച്ചുപറത്തി!'

13 സിക്‌സും ഏഴ് ബൗണ്ടറിയും സഹിതമായിരുന്നു അഭിഷേകിന്റെ ഗംഭീര ഇന്നിങ്‌സ്. ഇതിനുപിന്നാലെയാണ് ഈ പ്രകടനത്തെ അഭിനന്ദിച്ച് അലിസ്റ്റര്‍ കുക്ക് രംഗത്തെത്തിയത്.

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ യുവ ഓപണര്‍ അഭിഷേക് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ യുവ ഓപണര്‍ അഭിഷേക് ശര്‍മ വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തുകയും വിജയത്തിലെത്തുകയും ചെയ്തത്.

മത്സരത്തില്‍ 54 പന്ത് നേരിട്ട അഭിഷേക് 135 റണ്‍സാണ് അടിച്ചെടുത്തത്. 13 സിക്‌സും ഏഴ് ബൗണ്ടറിയും സഹിതമായിരുന്നു താരത്തിന്റെ ഗംഭീര ഇന്നിങ്‌സ്. ഇതിനുപിന്നാലെയാണ് വെടിക്കെട്ട് പ്രകടനത്തെ അഭിനന്ദിച്ച് അലിസ്റ്റര്‍ കുക്ക് രംഗത്തെത്തിയത്. താന്‍ ജീവിതകാലം മുഴുവന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ അഭിഷേക് രണ്ട് മണിക്കൂറിനുള്ളില്‍ അടിച്ചെടുത്തെന്നാണ് കുക്ക് പറഞ്ഞത്. കുക്കിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ബാറ്ററായ അലിസ്റ്റര്‍ കുക്ക് ആകെ 21 സിക്‌സറുകളാണ് കരിയറില്‍ അടിച്ചെടുത്തത്. 161 റെഡ് ബോള്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച കുക്ക് 11 ടെസ്റ്റ് സിക്‌സറുകളും 92 ഏകദിനങ്ങളില്‍ നിന്ന് 10 സിക്‌സറുകളുമാണ് സ്വന്തമാക്കിയത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഒരു സിക്‌സർ പോലും അലിസ്റ്റര്‍ കുക്ക് നേടിയിട്ടുമില്ല.

അതേസമയം ടി20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അഭിഷേക് സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 13 സിക്‌സറുകള്‍ അടിച്ചുപറത്തിയ അഭിഷേക് 10 സിക്‌സറുകള്‍ വീതം നേടിയ രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരുടെ റെക്കോര്‍ഡുകളാണ് പഴങ്കഥയാക്കിയത്. ന്യൂസിലാന്‍ഡിന്റെ ഫിന്‍ അലനാണ് ടി20 ക്രിക്കറ്റില്‍ ഒരു ഇന്നിംങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം. 16 സിക്‌സറുകള്‍ ഒരിന്നിങ്‌സില്‍ ഫിന്‍ അലന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.

Content Highlights: Alastair Cook Praises Abhishek Sharma After Record-Breaking Knock Against England

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us