ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20യില്‍ ശിവം ദുബെയ്ക്ക് പകരമായി ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി കളത്തിലിറക്കിയതില്‍ പ്രതികരണവുമായി ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ശിവം ദുബെയ്ക്ക് ശരിക്കും പരിക്ക് പറ്റിയിരുന്നില്ലെന്നും ഇന്ത്യ നിയമം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നും ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു. ശിവം ദുബെയും ഹര്‍ഷിത് റാണയും ഒരിക്കലും ഒരുപോലെയുള്ള കളിക്കാരല്ലെന്നും അതുകൊണ്ടുതന്നെ മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ടീം നിരാശയും അമര്‍ഷവും പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഒരു തെറ്റും പറയാന്‍ കഴിയില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
Sunil Gavaskar accuses India of faking Shivam dubey’s concussion.
— Vipin Tiwari (@Vipintiwari952) February 3, 2025
Gavaskar 🗣️ "In the Pune game, Dube batted right till the end after having got hit on the helmet earlier, so clearly, he was not concussed. So, allowing a concussion substitute itself was not correct” (TG) pic.twitter.com/G7QMIBKfPX
'പൂനെയില്‍ നടന്ന മത്സരത്തില്‍ ഹെല്‍മറ്റില്‍ ബോള്‍ ഇടിച്ചതിന് ശേഷവും ദുബെ അവസാനം വരെ ബാറ്റുചെയ്തിരുന്നു. അദ്ദേഹത്തിന് പരിക്കുപറ്റിയിരുന്നില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാക്കാം. അതുകൊണ്ടുതന്നെ കണ്‍കഷന്‍ സബ്ബിനെ ഇറക്കാന്‍ അനുവദിച്ചത് വലിയ തെറ്റായിരുന്നു. ബാറ്റിങ്ങിനിടെ ദുബെയ്ക്ക് പരിക്കേല്‍ക്കുകയോ പേശീവലിവ് അനുഭവപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ഒരു പകരക്കാരനെ കൊണ്ടുവരാന്‍ കഴിയുമെന്നത് സത്യമാണ്. പക്ഷേ ഇതാണെങ്കില്‍ ഫീല്‍ഡിങ്ങിന് വേണ്ടി മാത്രമാണ്. ദുബെയ്ക്ക് ബോള്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു', ടെലഗ്രാഫിലെ കോളത്തില്‍ ഗാവസ്‌കര്‍ കുറിച്ചു.
ഇംഗ്ലണ്ട് ടീമിനോട് അനുഭാവം പ്രകടിപ്പിച്ച ഗാവസ്‌കര്‍ ഇത്തരം പ്രവൃത്തികളിലൂടെ ഇന്ത്യ തങ്ങളുടെ വിജയങ്ങള്‍ കളങ്കപ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു. 'ദുബെയ്ക്കും റാണയ്ക്കുമിടയില്‍ യാതൊരു സാമ്യതയുമില്ല. ഇരുവരും ഒരേ ഉയരമാണെന്നും ഫീല്‍ഡിങ് നിലവാരത്തിലും സാമ്യതയുണ്ടെന്നുമെല്ലാം വെറുതെ വേണമെങ്കില്‍ പറയാന്‍ കഴിയും. അതല്ലാതെ ഇരുവരെയും സംബന്ധിച്ച് യാതൊരു സാമ്യതയുമില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് രോഷം പ്രകടിപ്പിക്കാനുള്ള എല്ലാ കാരണങ്ങളും അവകാശവുമുണ്ട്. ഇന്ത്യ വളരെ മികച്ച ടീം തന്നെയാണ്. പക്ഷേ അവര്‍ക്ക് ഇത്തരം പ്രവൃത്തികളിലൂടെ വിജയം നേടേണ്ട കാര്യമില്ല', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
പൂനെയില്‍ നടന്ന നാലാം ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്സിനിടെ ബാറ്റ് ചെയ്യവെ ശിവം ദുബെയുടെ ഹെല്‍മറ്റില്‍ ബോള്‍ കൊണ്ടിരുന്നു. ഇതേ തുടര്‍ന്ന് ഫീല്‍ഡിങ്ങിൽ നിന്നു അദ്ദേഹം പിന്‍മാറുകയും പകരം കണ്‍കഷന്‍ സബായി പേസര്‍ ഹര്‍ഷിത് റാണയെ ഇറക്കുകയും ചെയ്തു. പിന്നാലെ മൂന്ന് വിക്കറ്റുകളുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഹര്‍ഷിത്തിന് സാധിച്ചു.
ഇതിനു ശേഷമായിരുന്നു കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂഷനെ കുറിച്ച് വിവാദങ്ങള്‍ ഉടലെടുത്തത്. ഓള്‍റൗണ്ടറായ ദുബെയ്ക്കു പകരം എങ്ങനെ ഫാസ്റ്റ് ബൗളറായ ഹര്‍ഷിത്തിനെ ഇന്ത്യക്കു പകരമിറക്കാന്‍ കഴിയുമെന്ന ചോദ്യങ്ങളുയര്‍ന്നു. ഇന്ത്യയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് തീരുമാനത്തെ വിമര്‍ശിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലറും മല്‍സരശേഷം ഇന്ത്യന്‍ തീരുമാനത്തെ വിമര്‍ശിക്കുകയും ഇതു തങ്ങള്‍ അംഗീകരിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: 'Dube was not concussed', Sunil Gavaskar on the concussion substitute controversy during the fourth T20I vs England