സഞ്ജുവിന് പരിക്ക്, കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്, രഞ്ജി നഷ്ടമായേക്കും

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന് പരിക്കേറ്റത്

dot image

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആറാഴ്ചത്തേക്ക് വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റതാണ് തിരിച്ചടിയായത്. മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് താരത്തിന് പരിക്കേറ്റത്.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സ് ഓപണ്‍ ചെയ്ത സഞ്ജു ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങിയിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച്ച് തുടങ്ങിയ സഞ്ജു തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പുള്‍ ഷോട്ടിന് ശ്രമിക്കവെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഇതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ആര്‍ച്ചറുടെ ആദ്യ ഓവറിലെ മൂന്നാമത്തെ ഡെലിവറി ഗ്ലൗവില്‍ കൊണ്ടാണ് സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്. ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷമാണ് താരം ബാറ്റിങ് തുടര്‍ന്നത്. എന്നാല്‍ ബാറ്റിങ്ങിന് ശേഷം സഞ്ജു ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ സഞ്ജു സാംസണ് പകരം ധ്രുവ് ജുറേലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങിയത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് സമയത്ത് ഡഗ്ഗൗട്ടിലിരിക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സഞ്ജുവിന്റെ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആറാഴ്ചത്തേക്കുള്ള വിശ്രമമാണ് താരത്തിന് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് വിവരം. ഇങ്ങനെയെങ്കില്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിന് വേണ്ടി കളിക്കാന്‍ സഞ്ജുവിന് കഴിയില്ല. പരിക്ക് ഭേദമായില്ലെങ്കില്‍ ഐപിഎല്‍ ഒരുക്കങ്ങളെയും ബാധിച്ചേക്കാം. മാര്‍ച്ച് 21നാണ് ഐപിഎല്‍ 2025 സീസണ് തുടക്കമാകുന്നത്.

Content Highlights: Sanju Samson fractures index finger, out of action for five to six weeks

dot image
To advertise here,contact us
dot image