2025 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് ഇന്ന് മുതല്‍ ലഭ്യമാകും. ഇന്ത്യയുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കും ആദ്യ സെമി ഫൈനലിനുമുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് ഇന്ന് ആരംഭിക്കുന്നത്. ഇതില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റും ഉള്‍പ്പെടുന്നു.
Here’s when the tickets for four #ChampionsTrophy matches in Dubai – including India’s group stage fixtures – go on sale 👇https://t.co/GufmfRsYGO
— ICC (@ICC) February 3, 2025
പാകിസ്താനാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഔദ്യോഗിക വേദി. എന്നാല്‍ പാകിസ്താനില്‍ കളിക്കാന്‍ ബിസിസിഐ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങളെല്ലാം ദുബായിയിലാണ് നടക്കുക. ഒരു സെമി ഫൈനല്‍ മത്സരവും ദുബായിയില്‍ നടക്കും. ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുകയാണെങ്കില്‍ ഫൈനലും ദുബായിയില്‍ വെച്ചായിരിക്കും നടക്കുക.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ജനറല്‍ സ്റ്റാന്‍ഡ് ടിക്കറ്റ് നിരക്ക് 125 ദിര്‍ഹം മുതലാണ് വില ആരംഭിക്കുന്നത്. (3000 ഇന്ത്യന്‍ രൂപയ്ക്കടുത്തായിരിക്കും വില) ഓണ്‍ലൈനായും ടിക്കറ്റ് വാങ്ങാന്‍ സാധിക്കും. ഫെബ്രുവരി 20, 23, മാര്‍ച്ച് 2 തീയതികളിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുക.
പാകിസ്താനിലെ കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പന കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. പാകിസ്താനിലെ മത്സരങ്ങള്‍ക്കായുള്ള ജനറല്‍ സ്റ്റാന്‍ഡ് ടിക്കറ്റ് നിരക്ക് 1,000 പാകിസ്താന്‍ രൂപയിലാണ് ( 310.66 ഇന്ത്യൻ രൂപ) ആരംഭിക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന പത്ത് മത്സരങ്ങളിലും വിവിധ ഭാഗങ്ങളിലായി 1,500 പാകിസ്താന്‍ രൂപയില്‍ പ്രീമിയം സീറ്റുകളും ലഭ്യമാണ്.
Content Highlights: Tickets For India's Champions Trophy Matches To Go On Sale From Today