ഈ മാസമാവസാനം ആരംഭിക്കാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് മണിക്കൂറുകൾക്കുള്ളിൽ. 23ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് കഴിഞ്ഞ ദിവസമാണ് വിൽപ്പനയ്‌ക്കെത്തിയത്. പാകിസ്താനിൽ നടക്കുന്ന ഇന്ത്യയുടെയല്ലാത്ത മത്സരങ്ങളിൽ കുറഞ്ഞ ടിക്കറ്റ് തുകയാണ് സംഘാടകർ നിശ്ചയിച്ചതെങ്കിൽ ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾക്ക് ഉയർന്ന ടിക്കറ്റ് തുകയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഏകദേശം 2,000 ദിര്‍ഹം (ഏകദേശം 48,000 രൂപ) മുതലാണ് ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങുന്നത്. ഈ ടിക്കറ്റ് മുതൽ 5,000 ദിര്‍ഹം (1,18,562.40) വരെയുള്ള ടിക്കറ്റുകൾ വരെ ക്ഷണനേരം കൊണ്ട് വിറ്റഴിഞ്ഞു. സെമി ഫൈനല്‍ മത്സരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഫെബ്രുവരി മൂന്നിന് വൈകുന്നേരം 5:30 മുതല്‍ ലഭ്യമായിരുന്നു.
ഐസിസി ഓദ്യോഗിക സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ലഭിക്കുക. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ - പാകിസ്താൻ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ഒഴിവാക്കാന്‍ ഐസിസിയും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ധാരണയിലെത്തിയിരുന്നു.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി
Content Highlights: india vs pakistan icc champions trophy match ticket sold