'സഞ്ജുവിന് ഈഗോ, തെറ്റ് തിരുത്തിയില്ലെങ്കില്‍ സ്ഥാനം പിള്ളേര്‍ കൊണ്ടുപോകും'; വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍

'ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സഞ്ജുവിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പുറത്താകുന്നത്'

dot image

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്ന മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സമാനമായ രീതിയില്‍ കളിച്ചാണ് സഞ്ജു ചെറിയ സ്‌കോറിന് പുറത്തായിരുന്നത്. പേസര്‍മാര്‍ക്കെതിരെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞിരുന്ന സഞ്ജുവിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഒരേ രീതിയില്‍ തന്നെ കളിക്കുമെന്ന ഈഗോയാണ് സഞ്ജു പുറത്താകുന്നതിന്റെ കാരണമെന്നാണ് ശ്രീകാന്ത് ആരോപിക്കുന്നത്. ഇതേ രീതിയിലാണ് കളിക്കുന്നതെങ്കില്‍ വൈകാതെ തന്നെ സഞ്ജുവിന്റെ സ്ഥാനം യുവ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തമാക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. അഞ്ചാം ടി20യെകുറിച്ച് സ്വന്തം ചാനലായ ചീക്കി ചീക്കയില്‍ വിശകലനം നടത്തവെയാണ് മലയാളിതാരത്തിനെതിരെ ശ്രീകാന്ത് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

'സഞ്ജു സാംസണ്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയും സമാനമായ രീതിയില്‍ പുറത്താവുന്നു. എല്ലാ മത്സരങ്ങളിലും ഒരുപോലെയുള്ള ഷോട്ടാണ് കളിച്ചിട്ടുള്ളത്. ഈഗോ കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നുന്നു. 'ഇല്ല, ഇല്ല, ഞാന്‍ ഈ ഷോട്ട് തന്നെ കളിക്കും' എന്ന് സഞ്ജു പറയുന്നതുപോലെയുണ്ട്', ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

'ഇതുവളരെ ദുഃഖകരമായ കാര്യമാണ്. എനിക്ക് നിരാശയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സഞ്ജുവിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ലെന്ന് നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പുറത്താകുന്നത്. സഞ്ജു ഇനിയും ഇതേ പ്രകടനം തുടരുകയാണെങ്കില്‍ നമുക്ക് അദ്ദേഹത്തോട് നന്ദി പറയേണ്ടിവരും. ക്ഷമിക്കണം, യശസ്വി ജയ്‌സ്വാള്‍ സ്വാഭാവികമായും സഞ്ജുവിന്റെ ഓപണര്‍ സ്ഥാനം സ്വന്തമാക്കും', ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായി രണ്ടു പരമ്പരകളില്‍ ഓപണറായി വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് മൂന്നാമത്തെ പരമ്പരയില്‍ സഞ്ജു ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ ഓപണറായി ഇറങ്ങിയ സഞ്ജുവിന് വെറും അഞ്ച് മത്സരങ്ങളില്‍ നിന്നുമായി ആകെ 51 റണ്‍സ് മാത്രമാണ് നേടാനായത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ 26 റണ്‍സുമായി ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ 5, 3, 1, 16 എന്നീ ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായി നിരാശപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടന്ന മൂന്ന് ടി20കളുടെ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി ടോപ് സ്‌കോററാവാന്‍ സഞ്ജുവിന് സാധിച്ചു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അവരുടെ നാട്ടിലെ നാല് ടി20കളുടെ പരമ്പരയില്‍ രണ്ട് സെഞ്ച്വറികള്‍ കൂടി സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിനെ ഈ ഫോം ആവര്‍ത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചില്ല.

Content Highlights: Sanju Samson has Ego, Wicket Keeper Batter harshly Criticized by ex-IND skipper after flop show vs ENG

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us