'ഹേ കോഹ്‌ലീ, നീ ഇത്ര പതുക്കെ ബാറ്റുചെയ്യുന്നത് ഞാന്‍ കണ്ടിട്ടേയില്ല!'; താരങ്ങളെ 'ട്രോളി' കമ്മിന്‍സ്, വീഡിയോ

രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

dot image

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രൊമോ വീഡിയോയില്‍ വിരാട് കോഹ്‌ലിയുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ ട്രോളി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ്. കോഹ്‌ലിക്കു പുറമെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ബാറ്റര്‍ ഒല്ലി പോപ്പ്, ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക് എന്നിവരെയാണ് പാറ്റ് കമ്മിന്‍സ് ട്രോളുന്നത്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

താടിവടിക്കുന്നതിനിടെ കണ്ണാടിയില്‍ നോക്കി സ്വയം പറയുന്ന രീതിയിലാണ് വീഡിയോ. 'ഓയ് ബെന്‍, ഞാന്‍ നിന്നെയോര്‍ത്ത് ആകുലപ്പെടുന്നില്ല', 'ഹേയ് പോപ്പ്, നീ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്', 'ഹേയ് കോഹ്‌ലീ, നീ ഇത്രയും പതുക്കെ ബാറ്റുചെയ്യുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല', 'നീ ക്വിന്റണ്‍ ഡി 'ബ്ലോക്ക്' പോലെയുണ്ട്. ഞാന്‍ പാറ്റ് കമ്മിന്‍സാണ്, അത് മനസ്സിലാക്കിക്കോ', എന്നെല്ലാമാണ് കമ്മിന്‍സ് വെല്ലുവിളിയെന്നോണം പറയുന്നത്.

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിരാട് കോഹ്‌ലിയെ കളിയാക്കുന്ന പാറ്റ് കമ്മിന്‍സിന്റെ വീഡിയോ ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ കോഹ്‌ലി കളിച്ച സ്ലോ ഇന്നിങ്‌സിനെ കുറിച്ചാണ് കമ്മിന്‍സ് വീഡിയോയില്‍ പരാമര്‍ശിച്ചത്. ഓസ്‌ട്രേലിയ-ഇന്ത്യ ഫൈനലില്‍ 63 പന്തില്‍ 54 റണ്‍സ് നേടിയ കോഹ്‌ലിയെ ഷോര്‍ട്ട് ഡെലിവറിയിലൂടെ കമ്മിന്‍സ് പുറത്താക്കിയിരുന്നു. തന്റെ സ്‌ട്രൈക്ക് റേറ്റിനെ കളിയാക്കിയ പാറ്റ് കമ്മിന്‍സിന് കോഹ്‌ലി ടൂര്‍ണമെന്റില്‍ തന്നെ മറുപടി നല്‍കുമെന്നാണ് ആരാധകര്‍ പറയുന്നത്.

അതിനിടെ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിന് ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കണങ്കാലിന് പരിക്കേറ്റതാണ് സൂപ്പര്‍ താരത്തിന് തിരിച്ചടിയായിരിക്കുന്നത്. പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡാണ് കമ്മിന്‍സിന്റെ പങ്കാളിത്തം സംശയത്തിലാണെന്ന് വ്യക്തമാക്കിയത്. 2025 ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് ആരംഭമാകുന്നത്.

കമ്മിന്‍സിന് പകരം സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാള്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസീസ് ടീമിനെ നയിക്കാനാണ് സാധ്യത. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന മറ്റൊരു പേസര്‍ ജോഷ് ഹേസല്‍വുഡിനും ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കുമെന്നും ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് സ്ഥിരീകരിച്ചു.

Content Highlights: 'Hey Kohli, I have never seen you bat this slowly': Pat Cummins trolls several cricketers including Virat, Ben Stokes in Champions Trophy ad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us