ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ കാറിനു പിന്നില്‍ ഓട്ടോയിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബെംഗളൂരു നഗരത്തില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് ദ്രാവിഡിന്റെ കാര്‍ ഒരു ഗുഡ്‌സ് ഓട്ടോയുമായി ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് ദ്രാവിഡും ഓട്ടോ ഡ്രൈവറും റോഡില്‍വെച്ച് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Indian cricketer Rahul Dravid's car & a commercial goods vehicle were involved in a minor accident on Cunningham road in #Bengaluru. And unlike the #cred ad, #RahulDravid & the goods vehicle driver engaged in a civilized argument & left the place later. No complaint so far pic.twitter.com/HJHQx5er3P
— Harish Upadhya (@harishupadhya) February 4, 2025
ബെംഗളൂരു നഗരത്തിലെ തിരക്കുപിടിച്ച മേഖലയായ കണ്ണിങ്ഹാം റോഡില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് ന്യൂസ് ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ജങ്ഷനില്‍ നിന്ന് ഹൈ ഗ്രൗണ്ട്‌സിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദ്രാവിഡിന്റെ കാര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുകയായിരുന്നു. ഇതിനിടെ ഒരു ഓട്ടോ വന്ന് ദ്രാവിഡ് സഞ്ചരിച്ച എസ്‌യുവിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ ദ്രാവിഡ് ഓട്ടോ ഡ്രൈവറോട് തര്‍ക്കിക്കുകയായിരുന്നു. റോഡരികിലൂടെ കടന്നുപോകുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍, ദ്രാവിഡ് തന്റെ മാതൃഭാഷയായ കന്നഡയില്‍ ഡ്രൈവറുമായി തര്‍ക്കിക്കുന്നത് വ്യക്തമായി കാണാം. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന തര്‍ക്കത്തിന് ശേഷം സംഭവസ്ഥലം വിടുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ കോണ്‍ടാക്റ്റ് നമ്പര്‍ എഴുതി വെച്ചിരുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്. ദ്രാവിഡിന്റെ പകരക്കാരനായി പിന്നീട് ഗൗതം ഗംഭീര്‍ ചുമതലയേല്‍ക്കുകയായിരുന്നു. നിലവില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മുഖ്യപരിശീലകനാണ് ദ്രാവിഡ്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Rahul Dravid's Car Collides With Auto in Bengaluru, Heated Argument Ensues