ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനത്തിൽ സഞ്ജു സാംസണിന് ടി 20 റാങ്കിങ്ങിൽ തിരിച്ചടി. അഞ്ച് സ്ഥാനം താഴേക്കിറങ്ങി താരം 35-ാം സ്ഥാനത്തേക്ക് വീണു. നേരത്തെ റാങ്കിങ്ങിൽ നൂറിനും പിറകിലായിരുന്ന താരം ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി 20 പരമ്പരയിലെ മിന്നും പ്രകടനമാണ് ആദ്യ 30 ൽ എത്തിച്ചിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ മികച്ച പ്രകടനം നടത്താനായിരുന്നുവെങ്കിൽ ആദ്യ പത്തിലിടം പിടിക്കാൻ താരത്തിന് സാധിച്ചേനെ, ഈ അവസരം കൂടിയാണ് സഞ്ജു നഷ്ടപ്പെടുത്തിയത്.
അവസാന മത്സരത്തില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അഭിഷേക് ശര്‍മ പുതിയ ബാറ്റിംഗ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 829 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ട്രാവിസ് ഹെഡ് ആണ് ഒന്നാമത്.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഇംഗ്ലണ്ടിനെതിരെ നിരാശപ്പെടുത്തിയ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനമിറങ്ങി അഞ്ചാം സ്ഥാനത്തായി. ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്തില്‍ മൂന്ന് ഇന്ത്യൻ താരങ്ങളാണുള്ളത്. യശസ്വി ജയ്സ്വാള്‍(12), റുതുരാജ് ഗെയ്ക്‌വാദ്(21) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍.
Content Highlights: the opportunity could not be seized; Sanju's setback in T20 rankings