ഈ മാസം 19 മുതൽ പാകിസ്താനിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയിൽ നിന്നുള്ള അംപയർമാരും പങ്കെടുക്കില്ല. അംപയർമാരുടെ ഐസിസി എലീറ്റ് പാനലിലെ ഏക ഇന്ത്യക്കാരനായ നിതിൻ മേനോൻ കളി നിയന്ത്രിക്കാൻ പാകിസ്താനിലേക്ക് പോകില്ലെന്ന് ഐസിസിയെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
മുൻ ഇന്ത്യൻ പേസ് ബോളറും നിലവിൽ മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥും ചാംപ്യൻസ് ട്രോഫി ഒഴിവാക്കുമെന്നാണ് വിവരം. ഈ മാസം 19 മുതലാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന് തുടക്കമാകുക.
മത്സരങ്ങൾക്ക് നിഷ്പക്ഷ അംപയർമാർ വേണമെന്ന നിബന്ധന പ്രകാരം ദുബായിൽ നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങൾ നിതിന് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. ബാക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് പാകിസ്താനിലായതിനാൽ നിതിൻ മേനോൻ ടൂർണമെന്റിൽ നിന്ന് തന്നെ പിൻമാറുകയായിരുന്നുവെന്നാണ് വിവരം.
നേരത്തേ പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനെ തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റിയിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്കും ഫോട്ടോ ഷൂട്ടുകൾക്കും ഇന്ത്യൻ ക്യാപ്റ്റനെ പാകിസ്താനിലേക്ക് വിടില്ലെന്ന് ബിസിസിഐ യും നിലപാട് എടുത്തിരുന്നു. ശേഷം ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടും പാക് ക്രിക്കറ്റ് ബോർഡ് റദ്ദാക്കിയിരുന്നു.
ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ - പാകിസ്താൻ മത്സരം 23ന് നടക്കും. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും.
Content Highlights: indian umpires Nitin menon and Javagal srinath withdraws from champions trophy in pakistan